ഒമാനില്‍ ‘ആളില്ലാ കസേര’കളോടു പ്രസംഗിച്ച് മോദി;30000 പേരെ പ്രതീക്ഷിച്ച പരിപാടിയിലെത്തിയത് 13000 പേര്‍

മസ്‌കത്ത്: മോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത പങ്കെടുക്കുന്ന പരിപാടികളിലെ വലിയ ജനസാന്നിധ്യമാണ്.അതുകൊണ്ടുതന്നെ ലോകനേതാക്കള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച വ്യക്തിത്വമാണുള്ളത്. പക്ഷേ, മോദിയുടെ ഒമാന്‍ സന്ദശര്‍ശനത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നെന്നു റിപ്പോര്‍ട്ട്. മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബുസ് സ്റ്റേഡിയത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കുന്നതിനു മുപ്പതിനായിരം പേരെത്തുമെന്നാണു കരുതിയതെങ്കിലുംപൊതുപരിപാടിക്കു വന്നതു പതിമൂവായിരത്തോളം പേര്‍ മാത്രം.

എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രസംഗത്തിലുടനീളം അക്കമിട്ട് നിര്‍ത്തിയെങ്കിലും മോ സ്റ്റേഡിയത്തിലെ കസേരകളില്‍ പലതും കാലിയായിരുന്നു. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുപരിപാടി. മുപ്പതിനായിരം പേര്‍ക്കു പാസുകള്‍ വിതരണം ചെയ്തിരുന്നു. പക്ഷെ വിഐപി, വിവിഐപി കസേരകള്‍ ഒട്ടുമുക്കാലും കാലിയായിരുന്നു. ഉത്തരേന്ത്യയില്‍നിന്നുള്ള ബിജെപി അനുഭാവികളും പ്രവര്‍ത്തകരുമായിരുന്നു വന്നതിലേറെയും. അതിനിടെ, പ്ലക്കാര്‍ഡുകളേന്തിയ ചില പ്രതിഷേധങ്ങളും നടന്നു.

 

മസ്‌കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണു മോദിക്കു സ്വീകരണം ഒരുക്കിയത്. 25,000ത്തിലെറെ അംഗങ്ങളുള്ള ക്ലബ്ബിലെ പകുതിയാളുകള്‍ പോലും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയില്ല. സംഭവം പ്രവാസികളുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ്, സിപിഎം അനുഭാവികള്‍ പാസ് വാങ്ങിയ ശേഷം മനഃപൂര്‍വം യോഗത്തിന് എത്തിയില്ലെന്നാണു ബിജെപി ആരോപിക്കുന്നത്.സ്വയം പുകഴ്ത്തല്‍ നടത്തിയതല്ലാതെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പ്രവാസികള്‍ക്കായി എന്തു പ്രഖ്യാപിച്ചുവെന്നു മറുപക്ഷം തിരിച്ചു ചോദിക്കുന്നു.