സുന്‍ജ്വാന്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍;ഇന്ത്യയുടെ ആരോപണം തങ്ങള്‍ യുദ്ധഭ്രാന്തമാരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം

ശ്രീനഗര്‍:ജമ്മു കശ്മീരിലെ സുന്‍ജ്വാന്‍ സൈനിക ക്യാംപില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാക്കിസ്ഥാന്‍.ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം അവര്‍ നിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പകരം ഇന്ത്യന്‍ മാധ്യമങ്ങളും ഉദ്യോഗസ്ഥരും തങ്ങള്‍ക്കു നേരെ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.

തങ്ങളുടെ നേര്‍ക്ക് ആരോപണമുന്നയിച്ച് ഞങ്ങള്‍ യുദ്ധഭ്രാന്താന്മാരാണെന്ന് പ്രചരിപ്പിക്കുകയാണെന്നും പാക്ക് വിദേശകാര്യ വക്താവ് ആരോപിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ പാക്കിസ്ഥാനെതിരെ ദുഷ്ടാരോപണങ്ങള്‍ നല്‍കുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പ്രത്യേക വിഭാഗങ്ങള്‍ തന്നെയുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഈ ആരോപണങ്ങള്‍ തെറ്റാണെന്നും പാക്കിസ്ഥാനെ മനപൂര്‍വം കരിവാരിതേയ്ക്കുകയാണെന്നും രാജ്യാന്തരസമൂഹം മനസിലാക്കുമെന്നും വക്താവ് പറഞ്ഞു.

ജമ്മു- പഠാന്‍കോട്ട് ബൈപാസിനോടു ചേര്‍ന്നുള്ള ഇന്‍ഫന്‍ട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തില്‍ കനത്ത ആയുധശേഖരവുമായി ഭീകരര്‍ ഇരച്ചുകയറിയത്. ക്യാംപിന്റെ പിന്‍ഭാഗത്തെ കാവല്‍ക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം ക്യാമ്പിനുള്ളിലെ ക്വര്‍ട്ടേഷ്‌സില്‍ ആക്രമണം നടത്തുകയായിരുന്നു.ആക്രമണത്തില്‍ അഞ്ചു ജവാന്മാരാണു വീരമൃത്യു വരിച്ചത്. ആറു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.ഇന്നലെ പുലര്‍ച്ചെയോടെ മൂന്നാമത്തെ ഭീകരനെയും വകവരുത്തി സൈനിക നടപടികള്‍ സേന അവസാനിപ്പിച്ചു.