ഇന്ത്യന്‍ പിച്ചില്‍ ‘പുലി’ക്കുട്ടിയായ രോഹിത് പക്ഷെ റബാഡയ്ക്ക് മുന്‍പില്‍ വെറും ‘പൂച്ച’ക്കുട്ടി; രോഹിതിനെ റബാഡ ഇതുവരെ വീഴ്ത്തിയത് 6 തവണ

ഇന്ത്യന്‍ പിച്ചില്‍ അടിച്ച് തകര്‍ത്ത് മികച്ച ബാറ്റിംഗ് റെക്കോര്‍ഡുമായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ രോഹിത് ശര്‍മ്മ വിദേശ പിച്ചില്‍ ഒരു പരാജയമാണെന്ന് കഴിഞ്ഞ നാല് ഏകദിനങ്ങളില്‍ നിന്ന് തെളിയിച്ചു.ഇന്ത്യന്‍ പിച്ചുകളില്‍ ബൗളര്‍മാരെ പഞ്ഞിക്കിടുന്ന രോഹിത്, പക്ഷെ ദക്ഷിണാഫ്രിക്കയില്‍ ശരിക്കും പരാജയമായി.പ്രത്യേകിച്ചും ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാഡയുടെ പന്തുകള്‍ രോഹിതിനെ നന്നേ വെള്ളം കുടിപ്പിച്ചു.റബാഡയാകട്ടെ ഇത് മനസ്സിലാക്കി കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ പരമ്പരയില്‍ ഇതുവരെ ആറു തവണ രോഹിതിന്റെ വിക്കറ്റ് നേടുകയും ചെയ്തു.

കേപ്‌ടൌണിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 11 റണ്‍സെടുത്ത രോഹിത് റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്തായി.സെഞ്ചൂറിയനില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും റബാഡയാണ് രോഹിതിനെ പുറത്താക്കിയത്.മൂന്നാം ടെസ്റ്റില്‍ രോഹിതിന് പകരം രഹാനയെ ടീമിലിടം കണ്ടെത്തി.രണ്ട് ടെസ്റ്റുകളില്‍ നിന്നും 78 റണ്‍സ് മാത്രമെടുത്ത രോഹിത് മൂന്നു തവണയാണ് റബാഡയ്ക്ക് മുന്‍പില്‍ കീഴടങ്ങിയത്.

ഇനി ഏകദിനത്തിലേക്ക് വന്നാല്‍,ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ പരമ്പരയിലേക്ക് മടങ്ങി വന്നെങ്കിലും ഫോം കണ്ടെത്താന്‍ രോഹിത് നന്നേ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.ആദ്യ ഏകദിനത്തില്‍ 20 റണ്‍സെടുത്ത രോഹിതിനെ മോര്‍ക്കല്‍ വീഴ്ത്തിയെങ്കില്‍,പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും രോഹിത് റബാഡയ്ക്ക് മുന്‍പില്‍ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു.

രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 118 റണ്‍സിന് പുറത്താക്കി 9 വിക്കറ്റിന്റെ ആധികാരിക ജയം നേടിയപ്പോള്‍ ഇന്ത്യക്ക് നഷ്ട്ടമായ ഏക വിക്കറ്റ്
രോഹിതിന്റെതായിരുന്നു.റണ്‍സൊന്നുമെടുക്കാതെ 0-ത്തിനു പുറത്തായി രോഹിത് റബാഡയ്ക്ക് വിക്കറ്റ് നല്‍കി ഇത്തവണയും പതിവ് തെറ്റിച്ചില്ല. ജൊഹാനസ്ബര്‍ഗിലെ പിങ്ക് ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിതിന്റെ സംഭാവന വെറും 5 റണ്‍സ് മാത്രം ഇത്തവണയും റബാഡ തന്നെ രോഹിതിന്റെ അന്തകനായി.

നാല് ഏകദിനങ്ങളില്‍ നിന്നുമായി രോഹിത് നേടിയത് വെറും നാല്‍പ്പത് റണ്‍സ് മാത്രം.ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഏക താരമായ രോഹിത് പക്ഷെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യക്ക് ബാധ്യതയാകുന്നു കാഴചയാണ് കണ്ടത്.രോഹിതിന് പകരം യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു.വിമര്‍ശനങ്ങള്‍ ഉയരുന്നതുകൊണ്ട് തന്നെ രോഹിതിന്റെ ഓപ്പണിങ് സ്ഥാനത്തിന് ഇളക്കം തട്ടാനാണ് സാധ്യത.