’20-20-20′ : സ്മാര്‍ട്ട്ഫോണ്‍ അടിമകള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു നിയമം

ദിവസം മുഴുവന്‍ സ്മാര്‍ട്ട് ഫോണും കുത്തി കുത്തി ഇരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ വാര്‍ത്ത‍. ഏറെ നേരത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണം ഏറ്റവും കൂടുതല്‍ പ്രോബ്ലം ഉണ്ടാവുക കണ്ണുകള്‍ക്കാണ്. എന്തൊക്കെ ഉണ്ടായാലും സ്മാര്‍ട്ട് ഫോണ്‍ താഴെ വെയ്ക്കാന്‍ ആരും തന്നെ തയ്യാറാകില്ല. അതുകൊണ്ട് തന്നെ എങ്ങനെ ആരോഗ്യകരമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാം എന്നാണു ഇവിടെ പറയുന്നത്. എന്താണ് ’20-20-20′ എന്ന് പറയുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് ’20-20-20′ എന്ന് വ്യക്തമാക്കാം. തുടര്‍ച്ചയായി ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് കണ്ണിന് ക്ഷീണമുണ്ടാക്കും. കാഴ്ച തുടര്‍ച്ചയായി അടുത്ത് ഫോക്കസ് ചെയ്യുന്നത് കണ്ണിന് ആയാസം കൂട്ടും. ഡിജിറ്റല്‍ മോണിറ്ററില്‍ ദീര്‍ഘനേരം നോക്കിയിരിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയുന്നതായാണ് കാണാറുള്ളത്. അതുകൊണ്ടാണ് ’20-20-20′ ശീലിക്കാന്‍ പറയുന്നത്.

20 മിനിറ്റ് തുടര്‍ച്ചയായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാല്‍ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കന്റ് നേരം നോക്കിയിരിക്കണം. ഇതാണ് 20-20-20 നിയമം. 20-20-20 ഫോര്‍മുല പാലിക്കുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കും. അതുപോലെ ഇടയ്ക്ക് കണ്ണു ചിമ്മുകയാണ് മറ്റൊരു പരിഹാരം. സാധാരണ ഒരു വ്യക്തി ഒരു മിനിറ്റില്‍ കുറഞ്ഞത് 16 തവണയെങ്കിലും കണ്ണ് ചിമ്മാറുണ്ട്. എന്നാല്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗം കാരണം പലരും കണ്ണു ചിമ്മാന്‍ തന്നെ മടിക്കുന്ന അവസ്ഥയും ഉണ്ട്. ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കണ്ണിലെ ജലാംശം നഷ്ടപ്പെടുമ്പോഴാണ് വരള്‍ച്ച പ്രശ്‌നം ഉണ്ടാവുന്നത്. എസി, ഫാന്‍ എന്നിവയുടെ ഉപയോഗവും കണ്ണിലെ ഈര്‍പ്പം വറ്റുന്നതിന്റെ തോത് കൂട്ടും. ഇത് തുടരുന്നത് കാഴ്ചയെ തന്നെ ബാധിച്ചേക്കാം.