ഭീകരാക്രമണം ; പാക്കിസ്ഥാന്‍ വലിയ വില നല്‍കേണ്ടിവരും എന്ന് പ്രതിരോധ മന്ത്രി

കശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ആക്രമണത്തില്‍ പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി. ഭീകരാക്രമണത്തിന് പാകിസ്താന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. തിങ്കളാഴ്ച ജമ്മു കശ്മീരിലെത്തി ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം. ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചത് അതിര്‍ത്തിക്ക് അപ്പുറത്തുനിന്നാണെന്ന് രഹസ്യം വിവരം ലഭിച്ചിട്ടുണ്ട്. തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വിലയിരുത്തുകയാണ്. തെളിവുകള്‍ പാകിസ്താന് കൈമാറുമെന്നും മന്ത്രി പറഞ്ഞു. സുന്‍ജ് വാന്‍, കരണ്‍ നഗര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് ആണെന്നും മന്ത്രി ആരോപിക്കുന്നു. സുന്‍ജ് വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ചതിന് പിന്നില്‍ അതിര്‍ത്തി കടന്നെത്തിയവരാണെന്നും ഈ വിപത്തിന് പാകിസ്താന്‍ വില നല്‍കേണ്ടിവരുമെന്നുമാണ് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്.

ജമ്മു കശ്മീരിലെത്തിയ നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സുന്‍ജ് വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് പ്രദേശവാസികളില്‍ നിന്ന് പിന്തുണ ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് ഭീകരരെ കണ്ടെത്തിയത്. 23 ബറ്റാലിയന്‍ ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച സുന്‍ജ് വാന്‍ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരും ഒരു സാധാരണക്കാരനും ഉള്‍പ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്കിരുന്നു. സൈനിക വേഷം ധരിച്ച് സൈനിക ക്യാമ്പിനുള്ളിലെത്തിയ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മൂന്ന് ഭീകരരെയയും പിന്നീട് നടത്തിയ ഓപ്പറേഷനില്‍ വധിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നതോടെ ജമ്മുകശ്മീരില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.