ഇന്ത്യ മിന്നലാക്രമണം നടത്തരുത് എന്ന അപേക്ഷയുമായി പാക്കിസ്ഥാന്‍

സിന്‍ജുവാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണത്തിന് മുതിരരുതെന്ന അപേക്ഷയുമായി പാകിസ്താന്‍ രംഗത്ത്. ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ കേന്ദ്രമായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ അപേക്ഷയുമായി രംഗത്ത് വന്നിരിക്കുന്നത്. വിശദമായ അന്വേഷണം നടത്താതെയാണ് ഇന്ത്യന്‍ അധികൃതര്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണം അടക്കമുള്ളവയില്‍നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

2016 ല്‍ കശ്മീരിലെ ഉറി സൈനിക താവളത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് ഭീകര താവളങ്ങള്‍ ആക്രമിച്ചിരുന്നു. ഉറിയില്‍ ഉണ്ടായതിനു സമാനമായ രീതിയിലാണ് ശനിയാഴ്ച പുലര്‍ച്ചെ ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം ഉണ്ടായത്. അഞ്ച് സൈനികരും സൈനികന്റെ പിതാവും അടക്കം ആറുപേര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സൈനികരുടെ കുടുംബാംഗങ്ങളില്‍പ്പെട്ട സ്ത്രീകളും കുട്ടികളും അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു.