മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണത്തിലെത്തുമ്പോള്‍ ബാറുകള്‍ തുറക്കാമെന്ന് സിപിഎം ഉറപ്പുനല്‍കി: നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ബിജു രമേശ്
കൊച്ചി:ബാര്‍കോഴക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ബിജു രമേശ്.ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയെന്നു കെ.എം. മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറെല്ലാം തുറന്നുനല്‍കാമെന്ന് സിപിഎം നേതൃത്വം തനിക്കു ഉറപ്പ് നല്‍കിയിരുന്നതായി ബിജു രമേശ് വെളിപ്പെടുത്തി.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടു തന്നെയാണ് തനിക്ക് ഉറപ്പുനല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എല്‍ഡിഎഫ് കാലുമാറിയെന്നും ബിജു രമേശ് തുറന്നടിച്ചു.
ത്രീസ്റ്റാര്‍ വരെയുള്ള ബാറുകള്‍ തുറന്നാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തോട് പ്രതിഷേധിക്കാന്‍ തുറക്കാവുന്ന ബാറുകളും നിലവില്‍ പൂട്ടിയിട്ടിരിക്കുകയാണ് ബിജു രമേശ്.
ബാര്‍കോഴക്കേസ് ഒഴിവാക്കി കെ.എം. മാണിയെ വെള്ളപൂശാന്‍ തയാറായാല്‍, തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങള്‍ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് പിണറായി സര്‍ക്കാര്‍ വഞ്ചിക്കുന്നത്. സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചവര്‍ മറുവശത്തുകൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും ബിജു രമേശ് പറഞ്ഞു.തെളിവു ലഭിച്ചില്ലെന്ന് പറഞ്ഞ് ബാര്‍കോഴക്കേസ് ഒഴിവാക്കുന്നത്.ഉന്നതതലത്തില്‍ നടക്കുന്ന കള്ളക്കളിയാണെന്നും ബിജു രമേശ് തുറന്നടിച്ചു.
എന്നാല്‍ ബാറുടമകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കുകയാണെങ്കില്‍ മാണിക്കെതിരെ തെളിവ് നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു.
കേസില്‍ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു.കോഴ വാങ്ങിയെന്നതിനു തെളിവില്ലെന്നും അതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാകില്ലെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ബാര്‍ കോഴ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി 45 ദിവസം കൂടി സമയം അനുവദിച്ചിരുന്നുകേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട സിഡിയില്‍ കൃത്രിമമുണ്ടെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.