തുടര്‍ച്ചയായ മൂന്നാം ദിനവും കശ്മീരില്‍ ഭീകരാക്രമണം; സുന്‍ജ്വാനില്‍ ഒരു ജവാനുകൂടി വീരമൃത്യു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം. റായ്പുരിലെ ദൊമാനയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. ശ്രീനഗറിലെ കരണ്‍നഗറിലെ സി.ആര്‍.പി.എഫ് കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഭീകരരുടെ വെടിവയ്പില്‍ ഇന്നലെ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ നാലരയോടെ സി.ആര്‍.പി.എഫ് 23-ാം ബറ്റാലിയന്‍ ആസ്ഥാനത്തെത്തിയ ഭീകരര്‍ക്കു നേരെ സൈനികന്‍ വെടിയുതിര്‍ത്തെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്നു പ്രദേശത്തു പരിശോധന നടത്തിയ സൈനികസംഘത്തിനു നേരെ ഗോള്‍ മാര്‍ക്കറ്റ് പരിസരത്തു വച്ച് ഭീകരര്‍ വെടിയുതിര്‍ക്കവേ ഒരു ജവാന്‍ കൊല്ലപ്പെടുകയായിരുന്നു.ഇപ്പോഴും പോരാട്ടം തുടരുകയാണ്.

അതേസമയം, ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ജമ്മുവിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികരുടെ എണ്ണം ആറായി. കുടുംബങ്ങളെയും ആക്രമിച്ച ഭീകരസംഘത്തിലെ മൂന്നുപേരെ സൈന്യം വധിച്ചിരുന്നു.

ജമ്മു- പഠാന്‍കോട്ട് ബൈപാസിനോടു ചേര്‍ന്നുള്ള ഇന്‍ഫന്‍ട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തില്‍ കനത്ത ആയുധശേഖരവുമായി ഭീകരര്‍ ഇരച്ചുകയറിയത്. ക്യാംപിന്റെ പിന്‍ഭാഗത്തെ കാവല്‍ക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്ത് ഒളിച്ച ഭീകരരെ സൈന്യം വധിച്ചിരുന്നു.