കാശ്മീരില്‍ സൈനികര്‍ കൊല്ലപ്പെടാന്‍ കാരണം ബിജെപി-പിഡിപി സഖ്യമെന്ന് രാഹുല്‍ ഗാന്ധി

ശ്രീനഗര്‍ : കാശ്മീരില്‍ ബി.ജെ.പി – പി.ഡി.പി അവസരവാദ സഖ്യത്തിനും കശ്മീര്‍ വിഷയത്തില്‍ വ്യക്തമായ നിലപാട് ഇല്ലാത്തതിനും വിലയായി രക്തം ചിന്തേണ്ടി വരുന്നത് സൈനികര്‍ക്കാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പാകിസ്താനുമായി ചര്‍ച്ച വേണമെന്ന് പി.ഡി.പി ആവശ്യപ്പെടുമ്പോള്‍ ആ രാജ്യത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് പ്രതിരോധമന്ത്രി പറയുന്നതെന്ന്‌ രാഹുല്‍ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. ഭീകരാക്രമണങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തളര്‍ന്ന് ഇരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

സുന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന്‌ പാകിസ്താന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ പാകിസ്താനുമായി ചര്‍ച്ച തുടരണമെന്ന് എന്നാണു കഴിഞ്ഞ തിങ്കളാഴ്ച കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടത്. ടെലിവിഷന്‍ ചാനലുകള്‍ തന്നെ ദേശവിരുദ്ധയെന്ന് മുദ്രകുത്തിയാലും കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.