സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം സണ്‍ഡേ ഹോളിഡേയുടെ 100 ഡേയ്സ് ആഘോഷം ഒമാനില്‍
മസ്കറ്റ്: ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സണ്‍ഡേ ഹോളിഡേ മികച്ച പ്രേക്ഷക അഭിപ്രായം നേടി 100 ദിവസം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം മാര്‍ച്ച് 1ന് ഒമാനില്‍ നടക്കും. ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ.
താരങ്ങള്‍ എല്ലാം തന്നെ പങ്കെടുക്കുന്ന പരിപാടി ഒമാനിലെ അല്‍ ഫലാജ് ഹോട്ടലിലാണ് നടക്കുന്നത്. ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍ ജോസ്, അലന്‍സിയര്‍, ശ്രുതി രാമചന്ദ്രന്, ദീപക് ദേവ് എന്നിവര്‍ പങ്കെടുക്കും. ഗായകന് അഫ്സല്, ഗായിക അഖില ആനന്ദ്, അവതാരികയും ഗായികയുമായ ജിനു നസിര്‍ തുടങ്ങിയവരുടെ സംഗീതനിശ ആഘോഷങ്ങള്‍ക്ക് മിഴിവേകും. ബൈജു ജോസ്, രാജേഷ് തിരുവായൂര്‍ എന്നിവരുടെ കോമഡി ഷോയും ഉണ്ടാകും.
നിരവധി രാജ്യങ്ങളില്‍ പ്രോഗ്രാം ഡയറക്ടര്‍ ആയിരുന്ന ബിജു എം.പി, മസ്കറ്റിലെ റെയര്‍ സ്പാര്‍ക്കിന്റെ നേതൃത്വത്തില്‍ ദുഫൈല് അന്തിക്കാട് എന്നിവര്‍ പരിപാടി കോര്‍ഡിനേറ്റ് ചെയ്യും. ഒരു ഞായറാഴ്ച സംഭിക്കുന്ന കാര്യങ്ങളില്‍ നിന്നാണ് സണ്‍ഡേ ഹോളിഡേ എന്ന സിനിമയുടെ വികാസം. അതിനൊപ്പം തന്നെ ബാന്റ്മാസ്റ്ററായ ഒരു അച്ഛന്റേയും മകന്റേയും കഥയും സമാന്തരമായി ചിത്രം അനാവരണം ചെയ്യുന്നു. ആശ ശരത്, ശ്രീനിവാസന്, ലാല്‍ ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. മാക്ട്രോ പിക്ചേഴ്സിന്റെ ബാനറില്‍ ഷീന്‍ ഹെലനാണു ചിത്രം നിര്‍മിച്ചത്.