ഭാര്യ ആശുപത്രിയിലെ തീവ്രപരിചരണത്തില്‍ കഴിയുമ്പോഴും നിര്‍ധന രോഗികള്‍ക്ക് ഊണ് പൊതികളുമായെത്തുന്ന സൈനിലയണ്ണന്‍-കരളുരുകുന്ന കഥ പങ്കു വച്ച് ഷോണ്‍ ജോര്‍ജ്
ഭാര്യ ഹൃദ്രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴും ഊണു പൊതികളുമായുള്ള തന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന വിശന്നൊട്ടിയ വയറുകളുടെ അന്നം മുട്ടാതിരിക്കാന്‍ ഇറങ്ങിത്തിരിച്ച മനുഷ്യ സ്‌നേഹിയുടെ കഥ പങ്കുവച്ച് അഡ്വ. ഷോണ്‍ ജോര്‍ജ്. ഈരാറ്റുപേട്ട സ്വദേശിയും ഷോണിന്റെ അയല്‍ക്കാരനുമായ സൈനില്ലാബ്ദിന്റെ കരളുരുകുന്ന കഥയാണ് ഫെയ്‌സ്ബുക്കിലൂടെ ഷോണ്‍ പങ്കുവയ്ക്കുന്നത്.
കഴിഞ്ഞ നാലര കൊല്ലമായി ഒരു ദിവസം പോലും മുടങ്ങാതെ ഈരാറ്റുപേട്ട ഗവ.ആശുപത്രിയില്‍ എത്തുന്ന മുഴുവന്‍ നിര്‍ദ്ധരരായ രോഗികള്‍ക്കും സ്വന്തം പ്രയത്നം കൊണ്ട് ഉച്ചയ്ക്ക് ഭക്ഷണം നല്‍കുന്ന ആളാണ് സൈയിനില്ലാ അണ്ണന്‍.ഹൃദ്രോഗത്തെത്തുടര്‍ന്ന് ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും, ആശുപത്രിയിലെ രോഗികള്‍ക്ക് സ്ഥിരമായി എത്തിച്ചു കൊടുക്കാറുള്ള സൗജന്യ ഉച്ചഭക്ഷണത്തിനു യാതൊരു മുടക്കവും വരുത്താന്‍ സൈനിയില്ല അണ്ണന്‍ തയ്യാറല്ല.
ഭാര്യ ഗുരുതരാവസ്ഥയിലാണെങ്കിലും സൈനിയണ്ണന്റെ മനസില്‍,ഉച്ചയാകുമ്പോള്‍ ഊണ് പൊതിയുമായി താന്‍ വരുന്നുണ്ടോ എന്ന് നോക്കി കാത്തിരിക്കുന്ന ഒരുപറ്റം നിര്‍ധനരായ രോഗികളും,വിശപ്പകറ്റാന്‍ തന്നെ കാത്തിരിക്കുന്ന അവരുടെ ദൈന്യതയാര്‍ന്ന മുഖങ്ങളുമാണ്.ഭാര്യ ആശുപത്രിയില്‍ കഴിയുമ്പോഴും ആ പാവപ്പെട്ട രോഗികള്‍ ഉച്ചയാകുമ്പോള്‍ ഒരു നേരത്തെ അന്നത്തിനായി കാത്തിരിക്കും എന്ന ചിന്ത, തന്നെ കാത്തിരിക്കുന്നവരുടെ വിശപ്പകറ്റാന്‍ സൈനിയിലയണ്ണനെ പ്രതിജ്ഞാബദ്ധനാക്കുന്നു.
മനസാക്ഷി മരവിച്ചുതുടങ്ങിയ ഈ കാലഘട്ടത്തില്‍ സൈനിയിലയണ്ണന്റെ കഥ ഏവര്‍ക്കും പ്രചോദനമാകട്ടെ എന്നാണ് പി.സി. ജോര്‍ജ് എംഎല്‍എയുടെ മകനും ജനപക്ഷം നേതാവുമായ ഷോണ്‍ ചൂണ്ടിക്കാട്ടുന്നത്. ഷോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ:
”ഇത് സൈനില്ലാബ്ദീന്‍ (സൈയിനില്ല അണ്ണന്‍) ഈരാറ്റുപേട്ട സ്വദേശിയും എന്റെ അയല്‍വാസിയുമാണ്. ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ ഭാര്യയെ ഹൃദ്രോഗത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗ വിവരങ്ങള്‍ അറിയാന്‍ ഇന്ന് ഉച്ചയ്ക്ക് ഞാന്‍ അദ്ദേഹത്തെ വിളിക്കുമ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ ഇല്ല. എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. കഴിഞ്ഞ നാലര കൊല്ലമായി ഒരു ദിവസം പോലും മുടങ്ങാതെ ഈരാറ്റുപേട്ട ഗവ.ആശുപത്രിയില്‍ എത്തുന്ന മുഴുവന്‍ നിര്‍ദ്ധരരായ രോഗികള്‍ക്കും സ്വന്തം പ്രയത്നം കൊണ്ട് ഉച്ചയ്ക്ക് ഭക്ഷണം നല്‍കുന്ന ആളാണ് സൈയിനില്ലാ അണ്ണന്‍. തന്റെ ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴും ആ പാവപ്പെട്ട രോഗികള്‍ ഉച്ചയാകുമ്പോള്‍ തന്നെ കാത്തിരിക്കും എന്ന ചിന്ത ഇന്നും അദ്ദേഹത്തെ അവിടെ എത്തിച്ചു . 52 പേര്‍ക്ക് ചോറ് നല്‍കി ഒരു മണിക്ക് തിരികെ ഭാര്യയുടെ അടുത്തെത്തി. ഒത്തിരി നന്മയുള്ള ഇത്തരം മനസ്സുകള്‍ നമുക്ക് എവര്‍ക്കും പ്രചോദനമാകട്ടെ”