ചപ്പുചവറുകള്‍ക്ക് തീയിട്ടു; തീ ആളിപ്പടര്‍ന്ന് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കത്തിനശിച്ചു

കോഴിക്കോട്:ചവര്‍ കൂട്ടിയിട്ടു കത്തിച്ചതിനിടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കത്തി നശിച്ചു. നടക്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് അധികൃതരുടെ ശ്രദ്ധയില്ലായ്മയെത്തുടര്‍ന്ന് കത്തി നശിച്ചത്. ഡിപ്പോയില്‍ കുന്നുകൂടി കിടന്നിരുന്ന ചപ്പുചവറുകള്‍ക്ക് തീയിട്ടതാണ് ബസുകള്‍ കത്തിനശിക്കാന്‍ ഇടയാക്കിയത്.തീ ബസുകളിലേക്ക് കത്തിപ്പടര്‍ന്നത് അധികൃതര്‍ ശ്രദ്ധിച്ചില്ല.അതുകൊണ്ടുതന്നെ തീ കത്തിപടര്‍ന്നതിനെത്തുടര്‍ന്ന് ബസുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

ബസ് ഡിപ്പോയില്‍ തീ അണയ്ക്കാനുള്ള സംവിധാനങ്ങളില്ലാതിരുന്നതിനാല്‍ തീ അണയ്ക്കാനുള്ള ശ്രമവും വിജയിച്ചില്ല.ഒടുവില്‍ ബീച്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് തീ അണച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.