അതിര്‍ത്തിയില്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുന്നത് 300 തീവ്രവാദികള്‍

അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറായി നില്‍ക്കുന്നതായിട്ടുള്ള മുന്നറിയിപ്പുമായി മിലിറ്ററി വൃത്തങ്ങള്‍. ദക്ഷിണമേഖലയില്‍ 185 മുതല്‍ 220നും ഇടക്ക് തീവ്രവാദികളാണ് തയ്യാറായി നില്‍ക്കുന്നത്. പീര്‍പാഞ്ചാലിന് വടക്ക് ഏകദേശം ഇതേ തോതിലുള്ള തീവ്രവാദികള്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ തക്കം നോക്കി ഇരിക്കുകയാണ് എന്നും മിലിറ്ററി വൃത്തങ്ങള്‍ പറയുന്നു. ജമ്മു കശ്മീരില്‍ ഉണ്ടാവുന്ന ഒരോ തീവ്രവാദി ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്താന്‍ സൈന്യത്തിന് വ്യക്തമായ പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനീക വൃത്തങ്ങള്‍ അറിയിച്ചു.

അതുപോലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനെതിരേ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഉറി മോഡല്‍ തിരിച്ചടിയുണ്ടാവുമോ എന്ന ചോദ്യത്തിന് നിയന്ത്രണരേഖ കടന്നുള്ള ആക്രമണം വളരെ സങ്കീര്‍ണമാണെന്നും അതിന് സാധ്യതയില്ലെന്നും ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പു വ്യക്തമാക്കുന്നു. അതുപോലെ ഇന്ത്യയുടെ തിരിച്ചടിയില്‍ ഇതുവരെ 192 പാക് സൈനികര്‍ മരിച്ചതായി അദ്ദേഹം പറഞ്ഞു. ആറോ ഏഴോ സൈനികര്‍ മാത്രം കൊല്ലപ്പെട്ടതായാണ് പാക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും കണക്ക് അതിലും എത്രയോ കൂടുതലാണെന്നും ജനറല്‍ വ്യക്തമാക്കി.