പ്രണയദിനമാഘോഷിക്കാനെത്തിയ കമിതാക്കള്‍ക്കെതിരെ ക്രൂര മര്‍ദനമഴിച്ചുവിട്ട് തീവ്ര ഹിന്ദു സംഘടനകള്‍
സബര്‍മതി:ഗുജറാത്തിലും മുംബൈയിലെ പ്രണയദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണം. ഗുജറാത്തിലെ സബര്‍മതി നദിക്കരയില്‍ പ്രണയദിനം ഒരുമിച്ച് പങ്കിടാനെത്തിയ കമിതാക്കളെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു.കഴുത്തില്‍ കാവി ഷാള്‍ ചുറ്റി വടികളുമായി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ നദീതീരത്ത് ഒരുമിച്ചിരുന്ന യുവാക്കളെ തല്ലി ഓടിച്ചു.ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മുംബൈയില്‍ ഭാരത് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒരു നായയേയും കഴുതയേയും തമ്മില്‍ വിവാഹം കഴിപ്പിക്കുന്നതായി കാണിച്ചായിരുന്നു ഇക്കൂട്ടര്‍ പ്രതിഷേധം നടത്തിയത്. പ്രണയദിനത്തില്‍ കമിതാക്കളെ ഒരുമിച്ച് കണ്ടാല്‍ ബലമായി വിവാഹം കഴിപ്പിക്കും എന്ന് ഇവര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. വാലന്റയിന്ഡസ് ഡേ ഭാരതത്തിന്റെ സംസ്‌കാരത്തിന് എതിരാണെന്നും അത് നിരോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.