പരമ്പര ജയത്തോടെ ഓസീസിനെയും പാക്കിസ്ഥാനെയും വെട്ടി ഇന്ത്യ കുതിക്കുന്നു ; ഇനി മുന്നിലുള്ളത് വിന്‍ഡീസിന്റെ സുവര്‍ണതലമുറ മാത്രം

പോര്‍ട്ട് എലിസബത്ത്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്ര പരമ്പര ജയത്തോടെ ഇന്ത്യ കൈപ്പിടിയിലൊതുക്കിയത് ഒരു പിടി റെക്കോര്‍ഡുകളാണ്. വിരാട് കോലിയുടെ കീഴില്‍ കുതിക്കുന്ന ഇന്ത്യ ഏകദിന ക്രിക്കറ്റിലെ തുടര്‍ വിജയപരമ്പരകളില്‍ റെക്കോര്‍ഡിട്ടതാണ് അതില്‍ പ്രധാനം. 2016 മുതല്‍ തുടര്‍ച്ചയായ ഒമ്പതാം ഏകദിന പരമ്പരയാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 1980-88 കാലഘട്ടത്തില്‍ 14 പരമ്പരകള്‍ സ്വന്തമാക്കിയിട്ടുള്ള വിന്‍ഡീസിന്റെ സുവര്‍ണ തലമുറയുടെ റെക്കോര്‍ഡാണ് കോഹ്ലിക്കും സംഘത്തിനും മുന്നിലുള്ള അടുത്ത ലക്ഷ്യം. 2009-2010 കാലയളവില്‍ എട്ട് പരമ്പരകള്‍ ജയിച്ച ഓസ്‌ട്രേലിയയുടെയും 2011-2012 കാലയളവില്‍ ഏഴ് പരമ്പരള്‍ ജയിച്ച പാക്കിസ്ഥാനെയുമാണ് ഇന്ത്യ ഇന്നലെ പിന്നിലാക്കിയത്.

ജയത്തോടെ ടെസ്റ്റ് റാങ്കിംഗിന് പിന്നാലെ ഏകദിന റാങ്കിംഗിലും ഇന്ത്യതന്നെയാണ് ഒന്നാമന്മാര്‍.
പരമ്പര തുടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ രണ്ടാമതായിരുന്നു കോലിപ്പട.
ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്ന് മറ്റൊരു റെക്കോര്‍ഡും കൂടി സ്വന്തമാക്കി. രണ്ടു ടീമുകളുടെ പരമ്പരയില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ് നേടുന്ന സ്പിന്നര്‍മാരെന്ന നേട്ടമാണ് ഇരുവര്‍ക്കും സ്വന്തമായത്.

ഇതുവരെ കളിച്ച അഞ്ച് കളികളില്‍ നിന്നായി 30 ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്ന് കടപുഴക്കിയത്. 2006-ല്‍ ഇംഗ്ലണ്ടിനെതിരെ ആറ് മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ റെക്കോര്‍ഡാണ് ചാഹലും കുല്‍ദീപും പഴങ്കഥയാക്കിയത്. അന്ന് ഹര്‍ഭജന്‍(12), രമേഷ് പൊവാര്‍(7), യുവരാജ് സിംഗ്(6), വീരേന്ദര്‍ സെവാഗ്(2) എന്നിവര്‍ ചേര്‍ന്നാണ് 27 വിക്കറ്റ് സ്വന്തമാക്കിയത്.