ഇനി സിനിമയിലില്ല;രാഷ്ട്രീയം മാത്രം;അഭിനയത്തോട് വിരമിക്കല്‍ പ്രഖ്യാപിച്ച് കമല്‍ ഹാസന്
ബോസ്റ്റണ്‍:രാഷ്ട്രീയത്തില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ സിനിമകളില്‍ അഭിനയിക്കില്ലെന്നു പ്രഖ്യാപിച്ചു കമല്‍ ഹാസന്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈമാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന.തന്റെ രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിനുശേഷം അഭിനയം അവസാനിപ്പിക്കാനാണ് തന്റെ തീരുമാനമെന്നും കമല്‍ പറഞ്ഞു. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ തോറ്റാലും രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതിപൂര്‍വകമായ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണു തന്റെ ആഗ്രഹം. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വര്‍ഷമായി താന്‍ സന്നദ്ധപ്രവര്‍ത്തക മേഖലയിലുണ്ടായിരുന്നു. ഈ 37 വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകരെയാണു താന്‍ നേടിയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
’37 വര്‍ഷങ്ങളായി ഇവരെല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു. 250 വക്കീലന്മാരടക്കം യുവാക്കളായ ഒട്ടേറെപ്പേര്‍ക്കൊപ്പമാണു ഞങ്ങളും സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. പണം സമ്പാദിക്കുന്നതിനല്ല താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. ഒരു നടനായി മാത്രം ജീവിച്ചു മരിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണു താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ജനങ്ങളെ സേവിച്ചു കൊണ്ടായിരിക്കും തന്റെ മരണം. അക്കാര്യത്തില്‍ തനിക്കു തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്’ – അദ്ദേഹം വ്യക്തമാക്കി.
‘എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. കാവി നിറം വ്യാപിക്കുന്നതില്‍ തനിക്ക് അത്യധികം ആശങ്കയുണ്ട്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണ്. അതേക്കുറിച്ചു പരാതി പറയാന്‍ സാധിക്കില്ല. ദ്രാവിഡന് സംസ്കാരത്തേയും കറുത്തവരെയും പ്രതിനിധാനം ചെയ്യുന്നതായിരിക്കും തന്റെ രാഷ്ട്രീയത്തിലെ കറുപ്പ്. തമിഴരായ ഞങ്ങള്‍ക്കു കറുപ്പൊരു മോശം നിറമല്ല. ബിജെപിയുമായി ഒരിക്കലും കൈകോര്‍ക്കില്ല’ – കമല്‍ പറഞ്ഞു.
‘താനൊരു ഹിന്ദു വിരോധിയോ അവര്‍ക്കെതിരോ അല്ല. രജനീകാന്തിന്റെ രാഷ്ട്രീയം കാവിനിറത്തില്‍ അധിഷ്ഠിതമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെടില്ല.തമിഴ്നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ രാഷ്ട്രീയത്തിലെത്തണമെന്ന സ്ഥിതി ആയതിനാലാണ് ഇത്തരം തീരുമാനമെടുത്തത്. മുഖ്യമന്ത്രിയാകാനല്ല തന്റെ ആഗ്രഹം, ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ്’ – കമല്‍ വിശദീകരിക്കുന്നു.