കേരളം വറുതിയുടെ വക്കില്‍ ; എല്ലാ മേഖലയിലും കനത്ത മാന്ദ്യം ; സര്‍ക്കാര്‍ നോക്കുകുത്തി
നോട്ട് അസാധുവാക്കലും ചരക്ക്-സേവന നികുതി(ജി.എസ്.ടി.)യുമുണ്ടാക്കിയ പ്രത്യാഘാതത്തിന്റെയും തുടര്‍ച്ചയായി കനത്ത സാമ്പത്തിക മുരടിപ്പില്‍ കേരളം. തൊഴില്‍, കൃഷി, കച്ചവടം, നിര്‍മാണം എന്നിങ്ങനെ സര്‍വമേഖലകളിലും മാന്ദ്യം പിടിമുറുക്കിയിരിക്കുകയാണ് ഇപ്പോള്‍. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിലുണ്ടായ കുറവ് സംസ്ഥാനം സാന്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നതിന്റെ സൂചനയാണ് നല്‍കുന്നത്.ജി.എസ്.ടി.യിലെ പ്രശ്നങ്ങള്‍ സംസ്ഥാനത്തിന്റെ വാണിജ്യനികുതി വരുമാനത്തെയും ബാധിച്ചു. എന്നാല്‍ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേതിന് സമാനമല്ലെങ്കിലും ഗ്രാമീണകേരളവും ദുരിതത്തിലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരുമാനവും വാങ്ങല്‍ശേഷിയും കുറഞ്ഞു. ക്രയവിക്രയം കാര്യമായി കുറഞ്ഞതിന്റെ അനുഭവങ്ങളാണ് ബഹുഭൂരിപക്ഷവും പങ്കുവെച്ചത്.
2016-ലുണ്ടായ കൊടിയ വരള്‍ച്ചയും ഉത്പന്നങ്ങളുടെ വിലയിടിവും കാര്‍ഷികമേഖലയില്‍ രൂക്ഷമായ മുരടിപ്പുണ്ടാക്കിയിരുന്നു. വരള്‍ച്ചകാരണം കൃഷി ഉപേക്ഷിക്കേണ്ടിവന്നതിനാല്‍ നെല്‍ക്കൃഷിയില്‍ 2016-17ല്‍ മുന്‍വര്‍ഷത്തെക്കാള്‍ 20.53 ശതമാനം ഇടിവുണ്ടായതായി സംസ്ഥാന സ്ഥിതിവിവര-സാമ്പത്തിക വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാന വിളകളുടെയെല്ലാം ഉത്പാദനം ഇടിഞ്ഞു. ഇതിന് തൊട്ടുപിന്നാലെയുണ്ടായ നോട്ടുനിരോധനവും സാമ്പത്തികരംഗത്തെ നിയന്ത്രണങ്ങളും കൂനിന്‍മേല്‍ കുരുവാവുകയായിരുന്നു. അതുപോലെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ മടങ്ങിവരവ് തുടരുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി. കഞ്ചിക്കോട് വ്യവസായമേഖലയിലെ ഇരുമ്പുരുക്ക് ഫാക്ടറികള്‍മുതല്‍ ആലപ്പുഴയിലെ പുരവഞ്ചികള്‍വരെ ഈ സാമ്പത്തിക മുരടിപ്പിന്റെ ആഘാതം പേറുകയാണ് ഇപ്പോള്‍. കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിയ അന്വേഷണത്തില്‍ മാന്ദ്യത്തിന്റെ ആഴം തെളിയുന്നുണ്ട്.
കൃഷി , വസ്തുഇടപാടുകള്‍ , മത്സ്യബന്ധനം, ചില്ലറവ്യാപാര മേഖല എന്നിങ്ങനെ എല്ലാ മേഖലകളിലും വ്യക്തമായ മരവിപ്പ് ഇപ്പോള്‍ കാണുവാന്‍ സാധിക്കും. കേരളത്തിന്റെ സമ്പദ്ഘടനയുടെ 40 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ചെറുകിട വ്യാപാരം, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഗതാഗതം എന്നിവയാണ്. ചില്ലറവ്യാപാരത്തില്‍ 30-40 ശതമാനത്തിന്റെ കുറവുണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പറയുന്നു. നോട്ട് അസാധുവാക്കല്‍ ഭൂമിവില പിടിച്ചുനിര്‍ത്താന്‍ ഉപകരിച്ചുവെങ്കിലും പക്ഷേ, ഭൂമിയുടെയും വീടിന്റെയും കച്ചവടം മരവിച്ചു. അതുപോലെ ഗതാഗതം സ്വകാര്യ ബസ് സര്‍വീസുകളുടെ എണ്ണത്തിലും കുറവുണ്ടായി. യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ഇന്ധനവില വര്‍ധനയും മുഖ്യകാരണമായത്.
അതുപോലെ ഓഖി ചുഴലിക്കാറ്റ് കാരണം ദുരിതം ഇരട്ടിയായ കടലോര മേഖല തൊഴിലാളികളുടെ വരുമാനം പകുതിയോളം കുറഞ്ഞ അവസ്ഥയാണ് ഇപ്പോള്‍. കൃഷി മേഖലയില്‍ ചെലവ് കാര്യമായി കൂടി. വരുമാനം കുറഞ്ഞു. തൊഴില്‍ ലഭ്യതയും കുറഞ്ഞ സ്ഥിതിയാണ്. ജോലി തേടി വന്ന മറുനാടന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്. പെട്രോളിനും ഡീസലിനും വന്‍തോതില്‍ വില ഉയര്‍ന്നെങ്കിലും ഇവയില്‍നിന്നുള്ള നികുതിവരുമാനം യഥാക്രമം 18-ഉം 11-ഉം ശതമാനം മാത്രമാണ് വളര്‍ന്നത്. റബ്ബര്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിലയിടിവ് ജി.എസ്.ടി.ക്കുമുന്‍പുതന്നെ നികുതിവരവിനെ ബാധിച്ചിരുന്നു. അതേസമയം സംസ്ഥാനം വറുതിയുടെ പിടിയില്‍ അമരുന്ന സമയവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്നതും സത്യമായ വസ്തുതയാണ്. വ്യക്തമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയില്ല എങ്കില്‍ കേരളത്തിനെ കാത്തിരിക്കുന്നത് ഭീകരമായ ദിനങ്ങള്‍ ആയിരിക്കും.