പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് ; തട്ടിപ്പ് നടന്നത് ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്. 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അതേസമയം ബാങ്ക് ജീവനക്കാരുടെ കൂടി സഹായത്തോടു കൂടിയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നതായാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ആറ് ശതമാനം വരെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.