കൊച്ചിയില്‍ പ്രണയദിന റാലി നടത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മര്‍ദനം
പ്രണയദിനത്തില്‍ എറണാകുളം ലോ കോളേജിലെ വിദ്യാര്‍ഥികള്‍ സെന്റ് തെരേസാസ് കോളേജിലേക്ക് സംഘടിപ്പിച്ച റാലിക്ക് നേരെ പോലീസ് അതിക്രമം. വാലെന്റെയിന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് ലോ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രണയാഭ്യര്‍ഥനയുമായി സെന്റ് തെരേസാസ് കോളേജിലേക്ക് റാലി സംഘടിപ്പിക്കാന്‍ തീരുമാനിചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രണയദിന റാലി കൈവിട്ടുപോകുമെന്ന് ഭയന്ന ലോ കോളേജ് പ്രിന്‍സിപ്പല്‍ റാലിക്ക് അനുമതി നല്‍കാതായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അനുവാദമില്ലാതെ റാലി സംഘടിപ്പിച്ചതോടെ പ്രിന്‍സിപ്പല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ വിവരമറിയിച്ചതനുസരിച്ച് ക്യാമ്പസിലെത്തിയ പോലീസ് വിദ്യാര്‍ത്ഥികളുടെ റാലി തടഞ്ഞു.
ഇതോടെ കാര്യങ്ങള്‍ വഷളായി. പ്രണയദിന റാലി പോലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കോളേജിനുള്ളില്‍ കയറി പോലീസ് തങ്ങളെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കൊണ്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. കോളേജിലെ സദാചാര ഗുണ്ടായിസത്തിനെതിരെയാണ് റാലി സംഘടിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ലോക്കോസ് എന്ന വിദ്യാര്‍ഥി കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്. ഇതിനിടെ റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ ഫ്രാന്‍സില്‍ നിന്നെത്തിയ മാധ്യമ സംഘത്തെ മതിയായ രേഖകള്‍ ഇല്ലാ എന്ന പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. നമ്മുടെ രാജ്യത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരിക്കാനും നടക്കാനും പ്രണയിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിനെതിരെയാണ് പോലീസ് കടന്നുകയറ്റം നടത്തുന്നത് എന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പ്രതികരിച്ചു.