മാണിക്യമലരിനെ ന്യായീകരിച്ച പിണറായിയെ പഞ്ഞിക്കിട്ട് ബാലറാം

വിവാദമായ മാണിക്യ മലരായ പൂവിയെന്ന പാട്ടിനെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിച്ച് എം എല്‍ എ വി ടി ബലറാം. സ്വന്തം ജില്ലയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചു ഒരക്ഷരം മിണ്ടാത്ത പിണറായി ഒരു ഗാനത്തിന്റെ പേരില്‍ ഉയര്‍ന്ന പ്രശ്‌നത്തില്‍ തല ഇട്ടതാണ് വിടിയെ ചൊടിപ്പിച്ചത്. ഈ അഡാറ് കാപട്യക്കാരനോട് ഇതിനേക്കുറിച്ച് പറഞ്ഞിട്ട്പോയാല്‍മതി എന്ന് മുഖത്തുനോക്കി ചോദിക്കാന്‍ കെല്‍പ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്‌ക്കാരിക മാണിക്യങ്ങള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടോ എന്നാണ് എംഎല്‍എ ചോദിക്കുന്നത്.

നേരത്തെ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലവ്’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരായ വിവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. ഇക്കാര്യത്തില്‍ ഹിന്ദു-മുസ്ലിം വര്‍ഗീയവാദികള്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണ് പിണറായി പറഞ്ഞത്.

 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

സ്വന്തം ജില്ലയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗര്‍ഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യ ഗീര്‍വാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോട് താന്‍ ആദ്യം ഇതിനേക്കുറിച്ച് #പറഞ്ഞിട്ട്പോയാല്‍മതി എന്ന് മുഖത്തുനോക്കി ചോദിക്കാന്‍ കെല്‍പ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്‌ക്കാരിക മാണിക്യങ്ങള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?