മതിലില്‍ മൂത്രശങ്ക തീര്‍ത്ത് ബിജെപി മന്ത്രി; ചിത്രം വൈറലായതോടെ ഫോണും സ്വിച്ച് ഓഫ് ചെയ്തത് വീട്ടിലൊളിച്ചു
ജയ്പൂര്‍:പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ പുലിവാലു പിടിച്ച് രാജസ്ഥാനിലെ ആരോഗ്യ മന്ത്രിയും ബിജെപി നേതാവുമായ കാളീചരണ്‍ സറഫ്. പിങ്ക് സിറ്റിയുടെ മതിലില്‍ മൂത്രശങ്ക തീര്‍ക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപ്പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സംഭവം അത്ര ഗൗരവമായ ഒരു കാര്യം അല്ല എന്നാണ് കാളീചരണ്‍ പറയുന്നത്.
സ്വച്ഛ് ഭാരത് അഭിയാന്‍ പ്രകാരം മുനിസിപ്പാലിറ്റിയെ മാലിന്യ മുക്തമാക്കി ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടാനുള്ള ജയ്പൂര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ശ്രമിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പരസ്യമായ മൂത്രമൊഴി വിവാദം. മുനിസിപ്പാലിറ്റി മാലിന്യ മുക്തമാക്കുന്നതിന് റോഡ് സൈഡുകളില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് 200 രൂപ ഫൈനും ഏര്‍പ്പെടുത്തിയിരുന്നു.
സംഭവം വിവാദമായതോടെ മന്ത്രി ഫോണ്‍ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ്. വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം അറിയാനായി ഓഫീസില്‍ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനും മന്ത്രി തയ്യാറായില്ല. വിഷയത്തില്‍ തനിക്ക് ഒന്നും പറയാന്‍ ഇല്ല. ഇത് അത്ര ഗൗരവമായി കാണേണ്ട ഒരു കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.