കൊച്ചിയില്‍ കപ്പല്‍ പൊട്ടിത്തെറിക്കു കാരണം അസറ്റലിന്‍ വാതകം: സ്ഥിരീകരണം ഫൊറന്‍സിക് പരിശോധനയില്‍
കൊച്ചി:കപ്പല്‍ശാലയില്‍ ചൊവ്വാഴ്ചയുണ്ടായ പൊട്ടിത്തെറിക്കു കാരണം അസറ്റലിന്‍ വാതകമാണെന്നു സ്ഥിതീകരിച്ചു. ഫൊറന്‍സിക് പരിശോധനയിലാണു ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. സംഭവത്തില്‍ കരാര്‍ തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഫൊറന്‍സിക് വിദഗ്ധര്‍ ഇന്നലെ കപ്പലില്‍ പരിശോധന നടത്തി. ഫൊറന്‍സിക് ജോയിന്റ് ഡയറക്ടര്‍ അജിത്, അന്വേഷണോദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എന്നാല്‍, അഞ്ചു പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിയുണ്ടായ സാഗര്‍ ഭൂഷണ് കപ്പലില്‍ അറ്റകുറ്റപ്പണിക്കു മുന്‍പു കൃത്യമായ സുരക്ഷാ പരിശോധന നടത്തിയിരുന്നുവെന്ന കപ്പല്‍ശാല അധികൃതരുടെ വാദത്തില്‍ അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചു.
അറ്റകുറ്റ പണിക്കു മുന്‍പായി പരിശോധന നടത്തിയതും ജോലിക്ക് അനുമതി കൊടുത്തതും രേഖയിലുണ്ട്. എന്നാല്‍ രാവിലെ ജോലി തുടങ്ങി ഒരു മണിക്കൂറിനുള്ളിലുണ്ടായ വാതകച്ചോര്‍ച്ചയും പൊട്ടിത്തെറിയും പരിശോധന നടന്നോ എന്നു സംശയിപ്പിക്കുന്നതാണെന്ന് അന്വേഷണം നടത്തുന്ന ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് പറയുന്നു.
ഓക്സിജനില്‍ മൂന്നു ശതമാനത്തിലേറെ അസറ്റ്ലിന്‍ കലര്‍ന്നാല്‍ പൊട്ടിത്തെറിക്കു സാധ്യതയുണ്ട്. അസറ്റ്ലിന്‍ കത്തുമ്പോള്‍ വിഷവാതകം ഉല്പാദിപ്പിക്കപ്പെടും. തീപ്പൊള്ളലിലാണോ വിഷവാതകം ശ്വസിച്ചാണോ അപകടത്തില്‍ മരണം സംഭവിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ അറിയാനാകൂ.