കടലിനടിയില്‍ തമ്മിലടി ; 21 ഡോള്‍ഫിനുകള്‍ ചത്തുമലച്ചു
തമ്മില്‍ തല്ലി തീരുന്ന മനുഷ്യരുടെ കാര്യം നമുക്കറിയാം. എന്നാല്‍ ഇങ്ങനെ മറ്റു ജീവികളും തമ്മില്‍ തല്ലി ചാകുവാന്‍ തുടങ്ങിയാലോ?. മെക്‌സിക്കന്‍ തീരത്തടിഞ്ഞ ഡോള്‍ഫിന്‍ കൂട്ടത്തിനെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആണ് മനുഷ്യര്‍ മാത്രമല്ല ഡോള്‍ഫിനുകളും ഇത്തരത്തില്‍ പ്രവര്‍ത്തിക്കും എന്ന് മനസിലാകുന്നത്. മെക്‌സിക്കോയിലെ ലാ പാസ് തീരത്താണ് മരണത്തോട് മല്ലടിക്കുന്ന നിലയില്‍ ഡോള്‍ഫിനുകളെ കണ്ടെത്തിയത്. ഇവയെ തിരികെ കടലിലേയ്ക്കയ്ക്കാനുള്ള പരിസ്ഥിതി സ്‌നേഹികളുടെ ശ്രമം ഫലവത്തായില്ല. ഓരോ തവണ കടലിലേയ്ക്ക് അയക്കുമ്പോഴും ഇവ തിരികെ തീരത്തേയ്ക്ക് എത്തുകയായിരുന്നു.
ഇതിന്റെ കാരണം തിരക്കിയപ്പോളാണ് തീരത്തിന് സമീപം തന്നെ നീന്തുന്ന കുപ്പിമൂക്കന്‍ ഡോള്‍ഫിനുകളെ കണ്ടത്. തീരത്തടിഞ്ഞ ഡോള്‍ഫിനുകളെ പരിശോധിച്ചപ്പോള്‍ ഇവയുടെ ശരീരത്ത് സമാന സ്വഭാവമുള്ള മുറിവുകള്‍ കണ്ടെത്തുക കൂടി കണ്ടതോടെയാണ് കടലിനടിയിലെ ചേരിപ്പോര് പുറത്തായത്. കടലിലെ സൗഹൃദ സ്വഭാവമുള്ള ജീവിയായാണ് ഡോള്‍ഫിനുകളെ വിലയിരുത്തുന്നത്, എന്നാല്‍ കുപ്പിമൂക്കന്‍ ഡോള്‍ഫിനുകള്‍ പലപ്പോളും മറ്റ് വിഭാഗങ്ങളിലുള്ള ഡോള്‍ഫിനുകളെയും മല്‍സ്യങ്ങളെയും അക്രമിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു. എന്ത് തന്നെയായാലും വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുവാനാണ് ഇവരുടെ തീരുമാനം.