സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
കൊല്ലം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം. ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളും ഇന്ന് മുതല്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചെറിയ മത്സ്യങ്ങളെ പിടിക്കുന്നുവെന്ന് ആരോപിച്ച് ബോട്ടുകള്‍ക്കു വന്‍തുക പിഴ ചുമത്തുന്ന ഫിഷറീസ് അധികൃതരുടെ നടപടിയിലും പ്രതിഷേധമുണ്ട് . ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം. സംസ്ഥാനത്തെ 3,800 മത്സ്യബന്ധന ബോട്ടുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിയിച്ച് കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടിയും മൂലം ഈ മേഖല കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. വ്യാഴാഴ്ച ഫിഷറീസ് മന്ത്രിയുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.