അമേരിക്കയിലെ സ്കൂളില്‍ വെടിവയ്പ്പ്:കുട്ടികളടക്കം 17 പേര് കൊല്ലപ്പെട്ടു; അക്രമിയെ പിടികൂടി
മിയാമി:അമേരിക്കയിലെ ഫ്ലോറിഡയില്‍ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ കുട്ടികളടക്കം 17 പേര് കൊല്ലപ്പെട്ടു. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലാണു വെടിവയ്പ്പുണ്ടായത്. ഇതേ സ്കൂളില്‍നിന്നു നേരത്തേ പുറത്താക്കിയ വിദ്യാര്‍ത്ഥി നിക്കോളസ് ക്രൂസ് (19) ആണ് അക്രമിയെന്നാണു വിവരം. ഇയാളെ പിടികൂടിയിട്ടുണ്ട്. സ്കൂളിനു പുറത്തുനിന്നു വെടിയുതിര്‍ത്തശേഷമാണ് ഇയാള്‍ ഉള്ളിലേക്കു കയറിയത്.
ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് സ്കൂളില്‍ വെടിവെപ്പുണ്ടായത്. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടി. 12 പേര് സ്കൂളിനുള്ളിലും മൂന്നു പേര് പുറത്തും രണ്ടു പേര് ആശുപത്രിയിലുമാണ് മരിച്ചത്.
തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സ്കൂളിന് പുറത്തെ് വെച്ച് മൂന്നുപേരെ വെടിവെച്ച ശേഷം സ്കൂളിനുള്ളിലേക്ക് കടന്ന് മറ്റ് 12 പേരെക്കൂടി കൊല്ലുകയായിരുന്നു.പ്രാദേശിക ടിവി ചാനല്‍ സംപ്രേഷണം ചെയ്ത തല്‍സമയ ദൃശ്യങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കും പൊലീസ് കാറുകള്‍ക്കും ആംബുലന്സുകള്ക്കുമിടയിലൂടെ ഓടുന്നതു കാണാമായിരുന്നു.
ഈ വര്‍ഷം അമേരിക്കയിലെ സ്കൂളുകളില്‍ നടക്കുന്ന 18-ാ മത്തെ വെടിവെപ്പാണിത്. 2013 മുതല്‍ 291 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.