മലയാളി ഗവേഷണ വിദ്യാര്‍ഥി കാനഡയില്‍ അപകടത്തില്‍ മരിച്ചു

പി.പി.ചെറിയാന്‍

വാന്‍കോര്‍ (കാനഡ): വാന്‍കൂര്‍ വാട്ടേഴ്സ് ഓഫ് ലോങ്ങ് ബീച്ചില്‍ സര്‍ഫിങ്ങ് നടത്തുന്നതിനിടയിലുണ്ടായ അപകടത്തില്‍ മലയാളിയും വിക്ടോറിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയുമായ നിജിന്‍ ജോണ്‍ (24) മരിച്ചു. ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് 3.30 നായിരുന്നു അപകടം.

കൂട്ടുകാരുമൊത്തു സര്‍ഫിങ്ങ് പരിശീലനത്തിന് എത്തിയതായിരുന്നു നിജിന്‍. തിരമാലകളില്‍ ഉയര്‍ന്ന് പൊങ്ങിയ നിജിന്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. പരിശീലനത്തി നെത്തിയവര്‍ നിജിനെ കരയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സയും സിപിആറും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നല ഡെയ്ല്‍ ജി. ജോണ്‍ കുട്ടിയുടേയും പൂനം മാത്യുവിന്റേയും ഏക മകനാണ് നിജിന്‍ ജോണ്‍. നിമ്മി എല്‍സ ജോണ്‍ ഏക സഹോദരിയാണ്.

കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗമാണ്. ഒരു വര്‍ഷം മുന്‍പാണു നിജിന്‍ കേരളത്തില്‍ നിന്നും ഉപരിപഠനാര്‍ത്ഥം കാനഡയില്‍ എത്തിയത്. ഇന്ത്യാനാ പൊലീസ് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക വികാരി റവ. ഫിലിപ്പ് ബേബി അച്ചന്‍ അറിയിച്ചതാണിത്. കേരളത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മൃതദേഹം ഇപ്പോഴും കാനഡയില്‍ തന്നെയാണ്.

നിജിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയ ട്രഷറര്‍ വിവിന്‍ മാത്യു Go Fund me Page ഓപ്പണ്‍ ചെയ്തിട്ടുണ്ട്. വിക്ടോറിയ യൂണിവേഴ്സിറ്റി നിജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. ഫിലിപ്പ് ബേബി – 317 900 2380