ഈ നിരക്ക് പോരാ; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം
സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കാനാവില്ലെന്നും,നിരക്ക് വര്‍ദ്ധനവ് ആവശ്യമാണെന്നും കാട്ടി വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരമാരഭിക്കുമെന്ന് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു അസോസിയേഷന്‍ ആവശ്യപെട്ടത്.വിദ്യാര്‍ഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണം.
മിനിമം ചാര്‍ജില്‍ ഒരു രൂപ വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടില്ല. ബസ് യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണെന്നിരിക്കെ അവരുടെ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് വ്യവസായം നിലനിര്‍ത്താന്‍ കഴിയില്ലെന്നു നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ ഇടതുമുന്നണി യോഗത്തില്‍ മിനിമം ചാര്‍ജ് 8 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു.ഇതിനു പിന്നാലെ മന്ത്രിസഭാ യോഗവും തീരുമാനത്തിന് അംഗീകാരം നല്‍കുകയുണ്ടായി. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയും, ഫാസറ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയുമാക്കാനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയിരിക്കുന്നത്.
പക്ഷെ ഈ നിരക്ക് വര്‍ദ്ധനവ് പോരെന്നും മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നുമാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്.