ചരിത്രത്തിലേക്ക് ഗോളടിച്ച് റൊണാള്‍ഡോ;ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ്;റൊണാള്‍ഡോയെ വിമര്‍ശിക്കുന്നവര്‍ ഇത് കാണണം

കളിക്കളത്തിലായാലും പുറത്തായാലും റൊണാള്‍ഡോ നെഞ്ചു വിരിച്ചു തന്നെയാണ് നില്‍ക്കാറ്.അതുകൊണ്ടുതന്നെ വിമര്‍ശകര്‍ പോലും റൊണാള്‍ഡോയെ ചൊറിയാന്‍ രണ്ടു വട്ടം ആലോചിക്കും.എപ്പോഴെല്ലാം തിരിച്ചടി നേരിട്ടോ അപ്പോഴെല്ലാം പൂര്‍വാധികം ശക്തിയോടെ വന്‍ തിരിച്ചു വരവ് നടത്തുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ റൊണാള്‍ഡോയെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്.അതിലേക്ക് ഒരു പൊന്‍തൂവല്‍ക്കൂടി ചേര്‍ത്ത് വച്ചിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

ചാമ്പ്യന്‍സ് ലീഗിലെ 16-ആം റൌണ്ട് മത്സരത്തില്‍ കരുത്തരായ പിഎസ് ജിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ വിജയ തീരത്തെത്തിയപ്പോള്‍ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് പിറന്നത് എണ്ണം പറഞ്ഞ രണ്ടു ഗോളുകളാണ്. ഗോള്‍വല ചലിപ്പിച്ചതിലൂടെ പുതിയൊരു റെക്കോര്‍ഡും തന്റെ പേരില്‍ ചേര്‍ത്താണ് റോണോ കളം വിട്ടത്.

പി എസ് ജിക്കെതിരെ ആദ്യപകുതിയുടെ അവസാനം ലഭിച്ച പെനാല്‍റ്റി സ്വന്തമാക്കിയതിലൂടെ റൊണാള്‍ഡോയുടെ നൂറാം ചാമ്പ്യന്‍സ് ലീഗ് ഗോളായി അത് മാറി.എതെങ്കിലും ഒരു ക്ലബിനായി നൂറ് ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടുന്ന ആദ്യ താരമായി ഇതോടെ റൊണോ മാറി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 15 ചാമ്പ്യന്‍സ് ലീഗ് ഗോളുകളും റൊണാള്‍ഡോ നേടിയിട്ടുണ്ട്.

97 ഗോളുകളുമായി ബാഴ്സലോണയുടെ മെസ്സി റൊണാള്‍ഡോയ്ക്ക് പിന്നിലുണ്ട്. റൊണാള്‍ഡോയുടെ റെക്കോഡ് നിലവിലത്തെ സാഹചര്യത്തില്‍ മെസ്സിയ്ക്ക് മാത്രമേ തകര്‍ക്കാന്‍ സാധിക്കുകയുള്ളു. തുടര്‍ച്ചയായ ഏഴു ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ 10ല്‍ അധികം ഗോളുകള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡും റൊണാള്‍ഡോ പി.എസ്.ജിയ്ക്കെതിരായ മത്സരത്തിലൂടെ സ്വന്തമാക്കി.

റയലും റൊണാള്‍ഡോയും അങ്ങനെയാണ്.ഏവരും എഴുതി തള്ളാന്‍ തുടങ്ങുമ്പോഴാണ് അവര്‍ വിശ്വരൂപം പുറത്തെടുക്കുക.