അമ്മ വേഷങ്ങള്‍ ചെയ്യുന്ന നടിയ്ക്കെതിരെ ഫിറ്റ്‌നസ് സെന്ററില്‍ വെച്ച് പീഡനശ്രമം
മുംബൈ : സിനിമ സീരിയല്‍ രംഗത്ത് അമ്മവേഷങ്ങള്‍ ചെയ്യുന്ന ബോളിവുഡിലെ പ്രമുഖ നടിയാണ് തനിക്ക് നേരെ ഫിറ്റ്നസ് സെന്ററില്‍ വെച്ച് പീഡനശ്രമം നടന്നതായി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. താന്‍ സ്ഥിരമായി വര്‍ക്ക് ഔട്ടിന് പോകുന്ന മുംബൈയിലെ അന്ധേരിയില്‍ വച്ച് വെര്‍സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാള്‍ പീഡിപ്പിച്ചു എന്നാണ് നടി നല്‍കിയിരിക്കുന്ന പരാതി.
ആന്ധേരി വെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ഫിറ്റ്നസ് സെന്ററില്‍ എത്തിയ വിശ്വനാഥ ഷെട്ടി അവിടെവച്ച് നടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. ഇതിന് വഴങ്ങാതായതോടെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും തന്നെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് മോശപ്പെട്ട സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും നടി പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് അംബോലി പോലീസ് വിശ്വനാഥ ഷെട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഫിറ്റ്നസ് സെന്ററിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രം അറസ്റ്റ് പോലുള്ളവയിലേയ്ക്ക് കടക്കുവനാണ് പോലീസ് തീരുമാനം.