യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ഷുഹൈബിനെ വധിച്ചത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയത് ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന. സിപിഎം-മുസ്ളീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലിലായ സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.
ഷുഹൈബിന്റെ കൊലപാതകത്തിനെ ശേഷം ഇവര്‍ ഒളിവില്‍ പോയതാണ് ഇത്തരം സംശയത്തിലേക്ക് നീണ്ടത്. ഇതേ തുടര്‍ന്ന് റിമാന്‍ഡ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇവരുടെ ജാമ്യം റദ്ദാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.
ഷുഹൈബിനെ വധിക്കാന്‍ ഗൂഢാലോചന നടന്നത് ജയിലിലാണെന്നും ഇവിടെ വെച്ച് ഷുഹൈബിനെ നേരത്തെ വധിക്കാന്‍ ശ്രമം നടന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.മട്ടന്നൂരില്‍ നടന്ന ലീഗ്-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് സിപിഎം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. ഈ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി ജാമ്യത്തിലിറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസും സംശയിക്കുന്നത്.
കൊലപാതകം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് പോലീസിനെതിരേ ശക്തമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് ചാലോടുള്ള സിഐടിയു പ്രവര്‍ത്തകനും സിപിഎം നേതാവുമായ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, നിര്‍ണായകമായ ഒരു വിവരവും അയാളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.