ഏപ്രില്‍ രണ്ടിന് ചന്ദ്രയാന്‍ രണ്ടു വിക്ഷേപിക്കും ; ലക്ഷ്യം പ്രപഞ്ചോല്‍പത്തിയേക്കുറിച്ചുള്ള വിവരങ്ങള്‍
ഏപ്രില്‍ രണ്ടിന് ചന്ദ്രയാന്‍ രണ്ടു വിക്ഷേപിക്കും എന്ന് ഐ എസ് ആര്‍ ഓ. ചന്ദ്രനിലിറങ്ങി പര്യവേഷണം നടത്തുന്ന റോവര്‍ ഉള്‍പ്പെടെ അടങ്ങുന്നതാണ് ചന്ദ്രയാന്‍ രണ്ട്. 800 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇത്. റോവറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ റോവര്‍ ഇറക്കി പര്യവേഷണം നടത്തുന്ന ഐഎസ്ആര്‍ഒയുടെ ആദ്യത്തെ പദ്ധതിയാണ് ചന്ദ്രയാന്‍ രണ്ട്. വിക്ഷേപണത്തിന് നിശ്ചയിച്ചിരിക്കുന്നത് എപ്രിലാണെങ്കിലും എന്തെങ്കിലും കാരണത്താല്‍ ഇത് നീട്ടിവയ്ക്കേണ്ടിവന്നാല്‍ നവംബറിലാകും വിക്ഷേപണം നടക്കുകയെന്നും ചെയര്‍മാന്‍ പറയുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവം കുഴപ്പം പിടിച്ച പ്രദേശമാണെന്നും അവിടെയുള്ള പാറകള്‍ വളരെയധികം പ്രായമുള്ളമുള്ളവയാണെന്നും ചെയര്‍മാനായ കെ. ശിവന്‍ പറയുന്നു. അതിനാലാണ് ദക്ഷിണ ധ്രുവത്തില്‍ റോവറിനെ ഇറക്കാന്‍ പദ്ധതിയിട്ടത്. ഇവിടെ പര്യവേക്ഷണം നടത്തിയാല്‍ പ്രപഞ്ചോല്‍പത്തിയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി. ഇന്നേവരെ ഒരു ദൗത്യവും ഈ ഭാഗത്ത് പര്യവേക്ഷണം നടത്തിയിട്ടില്ല. ചന്ദ്രന്റെ മധ്യരേഖയോടടുത്ത പ്രദേശത്തുമാത്രമെ പര്യവേക്ഷണം ഇതുവരെ നടന്നിട്ടുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു ചക്രങ്ങളുള്ള റോവറാണ് ചന്ദ്രനില്‍ ഇറങ്ങുക. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന പേടകം, റോവര്‍, ഇതിനെ ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നീ മൂന്നു ഘട്ടങ്ങളാണ് ചാന്ദ്രയാന്‍ രണ്ടിലുള്ളത്.