നഗര മദ്ധ്യത്തില്‍ സ്ത്രീയുടെ ചെവി മുറിച്ച് കമ്മല്‍ മോഷ്ടിച്ചു; ചെവിയുടെ ഒരു ഭാഗം അറ്റ നിലയില്‍ യുവതി ആശുപത്രിയില്‍

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിരക്കേറിയ റോഡില്‍ സ്ത്രീയുടെ ചെവി മുറിച്ച് സ്വര്‍ണ കമ്മല്‍ കവര്‍ന്നു. ചെവിയുടെ ഒരു ഭാഗം നഷ്ട്ടമായ നിലയില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗര മദ്ധ്യത്തില്‍ ആളുകള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും സംഭവത്തില്‍ ആരും പ്രതികരിക്കുകയോ സ്ത്രീയെ രക്ഷിക്കുകയോ ചെയ്തില്ല.

ഉത്തംനഗര്‍ മെട്രോ സ്റ്റേഷന്റെ സമീപത്ത് നിന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് വന്ദന ശര്‍മ്മ എന്ന സ്ത്രീയുടെ കമ്മല്‍ മോഷ്ടാവ് കവര്‍ന്നത്. പരിക്കേറ്റ സ്ത്രീയുടെ ചെവി നേരെയാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വന്നു.

വടക്കന്‍ ഡല്‍ഹിയിലെ ശക്തി നഗറില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു വന്ദന ശര്‍മ. ഇതിനിടെയാണ് മോഷ്ടാക്കള്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തി രണ്ട് കമ്മലുകളും കവര്‍ന്നത്. കാഴ്ചയില്‍ 20 വയസ് പ്രായം തോന്നിക്കുന്ന അക്രമിയെ പിടികൂടാനോ സഹായമഭ്യര്‍ത്ഥിച്ച ഇവരെ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ലെന്ന് വന്ദനയുടെ ഭര്‍ത്താവ് മനോജ് ശര്‍മ്മ ആരോപിച്ചു.

സമീപത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ പ്രതിയെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.