ഒന്നരമാസത്തിനുള്ളില്‍ വധിച്ചത് 20 പാക് സൈനികരെ; പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈന്യത്തിന് നേര്‍ക്ക് തുടര്‍ച്ചയായി പാക് പ്രകോപനമുണ്ടാകുമ്പോള്‍ ഇന്ത്യ സംയമനം പാലിക്കുന്നെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്ക് സൈന്യം ശക്തമായ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നിരവധി തവണ വെടിയുതിര്‍ത്തപ്പോള്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 20 പാക് സൈനികരെ വധിച്ചതായും ഇന്ത്യയുടെ 10 ജവാന്മാര് വീരമൃത്യു വരിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ആക്രമങ്ങള്‍ക്ക് തിരിച്ചടി നല്കാന് സൈനിക മേധാവിമാര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് 28 സൈനികരെയാണ് നഷ്ടമായത്. എന്നാല്‍, ഈ കാലയളവില്‍ 138 പാക് സൈനികരെ വധിച്ചതായും 155 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ പാക് സൈനിക മേധാവി രണ്ട് തവണ അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നു. ഇതിനുപുറമെ സൈനിക കമാന്‍ഡര്‍ ലഫ്.ജനറല്‍. നദീം റാസ 15 തവണ അതിര്‍ത്തി പോസ്റ്റുകള്‍ സന്ദര്‍ശിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഗ്രാമപ്രദേശങ്ങളിലൂടെയുള്ള അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ ഗ്രാമീണ പ്രതിരോധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന തിരിച്ചടികള്‍ ശത്രുപാളയത്തിലും ഭീകരരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.