കാവേരി നദീ ജലതര്‍ക്കം: തമിഴ്നാടിന്റെ ജലം വെട്ടിക്കുറച്ച് സുപ്രീം കോടതി; കര്‍ണാടകത്തിന് അധിക ജലം
ന്യൂഡല്‍ഹി:കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന തര്‍ക്ക കേസില്‍ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞു. തമിഴ്‌നാടിനുള്ള വിഹിതം വെട്ടിക്കുറച്ച് കര്‍ണാടകയ്ക്ക് കൂടുതല്‍ ജലം അനുവദിക്കുകയായിരുന്നു കോടതി. 14.75 ടിഎംസി അധികജലമാണ് കര്‍ണാടകയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി. എന്നാല്‍ തമിഴ്‌നാടിന് 177.25 ടിഎംസി ജലം മാത്രമേ അനുവദിച്ചിട്ടുള്ളൂ. നേരത്തെ 192 ടിഎംസിയായിരുന്നു ലഭിച്ചിരുന്നത്.
2007ലെ കാവേരി ട്രൈബ്യൂണലിന്റെ വിധി ചോദ്യം ചെയ്ത് തമിഴ്‌നാട്, കര്‍ണാടക, കേരള സര്‍ക്കാരുകളാണ് അപ്പീല്‍ സമര്‍പ്പിച്ചത്. കാവേരിയില്‍ നിന്ന് 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അധിക ജലമാവശ്യപ്പെട്ട കേരളത്തിന്റേയും പുതുച്ചേരിയുടേയും ആവശ്യം കോടതി തള്ളി. ജല വിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു. 15 വര്‍ഷത്തേക്കാണ് ഇന്നത്തെ വിധി. പിന്നീട് ആവശ്യമെങ്കില്‍ വിധി പുനപരിശോധിക്കും.
വേരി മാനേജ്മെന്റ് ബോര്‍ഡ് നിലവില്‍വന്നാല്‍ അണക്കെട്ടുകളുടെ അധികാരം ബോര്‍ഡിനായിരിക്കും. അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം ബോര്‍ഡിനായിരിക്കും.
വിധിയെ കര്‍ണാടകം സ്വാഗതം ചെയ്തു. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ (സി.ഡബ്ല്യു.ഡി.ടി.) 2007ലെ വിധിക്കെതിരേ നല്‍കിയ അപ്പീലിലാണ് വിധി പറഞ്ഞത്. ഇതു കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷശക്തമാക്കി.