സ്വകാര്യബസ് സമരം തുടങ്ങി; കൂടുതല്‍ സര്‍വീസുകളുമായി വരുമാനം വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി

കൊച്ചി:സര്‍ക്കാര്‍ കൊണ്ടുവന്ന നിരക്കുവര്‍ധന പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരമാരംഭിച്ചു. രാവിലെ മുതല്‍ ബസുകളൊന്നും സര്‍വീസ് നടത്തിയിട്ടില്ല. പണിമുടക്കിനെത്തുടര്‍ന്ന് യാത്രാക്കാര്‍ വലയാതിരിക്കാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണു അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് ഇന്നുമുതല്‍ ആരംഭിക്കുന്നതിനാല്‍ സ്വകാര്യ ബസ് റൂട്ടുകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടിസിക്കു നിര്‍ദേശം ലഭിച്ചിരുന്നു.

വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാനിരക്കില്‍ ഇനി മുതല്‍ സൗജന്യം നല്‍കില്ലെന്നാണു സ്വകാര്യ ബസുടമകളുടെ തീരുമാനം. 19 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ നിരക്കുകള്‍ അംഗീകരിക്കുന്നില്ലെന്നും കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജന.സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു. നേരത്തെ ബസുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്ന് എട്ട് രൂപയാക്കി ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഇത് മതിയാകില്ലെന്നാണ് ബസുടമകളുടെ വാദം.

മിനിമം ചാര്‍ജില്‍ ഒരു രൂപ വര്‍ധിപ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടില്ല. ബസ് യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണെന്നിരിക്കെ അവരുടെ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് വ്യവസായം നിലനിര്‍ത്താന്‍ കഴിയില്ലെന്നു നേതാക്കള്‍ പറഞ്ഞു. വര്‍ധിപ്പിച്ച റോഡ് നികുതി പിന്‍വലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരിക, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍,ബസുടമകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ബസുടമകളുടെ ആവശ്യങ്ങളടക്കം പരിഗണിച്ചാണ് തീരുമാനമെടുത്തത്. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന വര്‍ധനയേ സര്‍ക്കാരിനു സാധിക്കൂ. ബസ് നിരക്ക് വര്‍ധന സംഘന്ധിച്ചു ചര്‍ച്ചയ്ക്കു തയാറാണെന്നും മന്ത്രി അറിയിച്ചു.