അഭയ കേസില്‍ നിര്‍ണ്ണായക മൊഴി പുറത്ത്; വൈദികര്‍ രാത്രിയില്‍ മതില് ചാടിക്കടന്ന് കോണ്‍വെന്റില്‍ എത്തിയിരുന്നു
സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുമായി സി.ബി.ഐ. പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി പരിഗണിക്കവേയാണ് സിബിഐ നിര്‍ണ്ണായക തെളിവുകള്‍ നിരത്തിയത്.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം സിസ്റ്റര്‍മാരുടെ കോണ്‍വെന്റിന് സമീപം പ്രതികളായ വൈദികര്‍ രാത്രിയില്‍ വന്നിരുന്നുവെന്ന മൊഴികളാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. കോണ്‍വെന്റിന് സമീപത്തെ പള്ളിയില്‍ ആ സമയത്തുണ്ടായിരുന്ന വാച്ചര്‍ ദാസ് എന്ന ചെല്ലമ്മ ദാസ് ഇവരെ കോണ്‍വെന്റിനു സമീപം കണ്ടിരുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് എം.കോട്ടൂരും ഫാദര്‍ ജോസ് പുതൃക്കയിലും രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ എത്തി കോണ്‍വെന്റിന്റെ മതില് ചാടിക്കടക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു ദാസിന്റെ മൊഴി.ഇതിനു സമാനമായ മൊഴിയാണ് കോണ്‍വെന്റിനു സമീപത്തെ താമസക്കാരനും നല്‍കിയതെന്നും പ്രോസിക്യൂഷന് വാദിച്ചു.
അഭയയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്.
കുറ്റം ചെയ്യാത്ത തങ്ങളെ കേസില്‍ നിന്ന് വിടുതല്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഏഴു വര്‍ഷത്തിനുശേഷമാണ് കോടതി വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.