കേസുകള്‍ നടത്താന്‍ വക്കീലന്മാരില്ലാതെ വിജിലന്‍സ് ; കെട്ടികിടക്കുന്നത് 2115 കേസുകള്‍

തിരുവനന്തപുരം : ആവശ്യത്തിനു വക്കീലന്മാര്‍ ഇല്ലാത്തത് കാരണം അഴിമതി കേസുകളുടെ നടത്തിപ്പിനു വഴിമുട്ടി വിജിലന്‍സ്. നിലവില്‍ വിജിലന്‍സ് കേസ് നടത്തിപ്പിന് ആകെയുള്ളത് 11 അഭിഭാഷകര്‍. വിജിലന്‍സ് കോടതികളിലും ട്രെബ്യൂണലിലും വര്‍ഷങ്ങളായി കെട്ടികിടക്കുന്നത് 2115 കേസുകളും. ഒരു അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍, ഒരു ലീഗല്‍ അഡൈ്വസര്‍, എട്ടു അഡീ.ലീഗല്‍ അഡൈ്വസര്‍മാര്‍ . ഈ ചെറു സംഘമാണ് നൂറ് കണക്കിന് അഴിമതി കേസുകള്‍ നടത്തേണ്ടത്. കേസുകള്‍ ഇഴയുമ്പോള്‍ അഴമതിക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല ,കേസില്‍ അകപ്പെടുന്നവരുടെ നിരപരാധിത്വം തെളിയിക്കാനുളള നടപടികളും വൈകുന്നു.

ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ശാസ്താംകോട്ടസ സ്വദേശി അരവിന്ദാക്ഷന്‍. ബ്ലോക്ക് ഡെവലമെന്റ് ഓഫീസറായിരുന്നപ്പോഴാണ് അരവിന്ദാക്ഷന്‍ വിജിലന്‍സില്‍ കേസില്‍പ്പെടുന്നത്. ഉദ്യോഗക്കയറ്റം കിട്ടിയില്ല. ആനൂകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. കേസെടുത്ത് 35 വര്‍ഷത്തിനു ശേഷമാണ് അരവിന്ദാക്ഷന്‍ കുറ്റക്കാരനല്ലെന്ന് ഉത്തരവ് വരുന്നത്. ഇപ്പോള്‍ തനിക്കെതിരെ കേസെടുത്ത വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് അരവിന്ദാക്ഷന്‍. കേസുകളുടെ നടത്തിപ്പിന് കാര്യക്ഷമമായ കൂടുതല്‍ അഭിഭാഷകനിര വേണണെന്ന ആവശ്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടറായിരുന്ന ലോക്‌നാഥ് ബെഹറയും ഇത് സംബന്ധിച്ച് സര്‍ക്കാറിന് അടുത്തിടെ കത്ത് നല്‍കിയിരുന്നു. നിയമോപദേശകരുടെ എണ്ണം കൂട്ടണമെന്ന് ബെഹ്‌റയുടെ മുന്‍ഗാമികളായ ഡയറക്ടര്‍മാരും ആവശ്യപ്പെട്ടിരുന്നു പക്ഷേ ഒന്നും സംഭവിച്ചില്ല