ഷുഹൈബ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കൊടി സുനിക്കും കൂട്ടര്‍കും പരോള്‍ ലഭിച്ചു ; ടി.പിയുടെ കൊലപാതകവുമായി ഈ കൊലയ്ക്കും സാമ്യം

കണ്ണൂര്‍ : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതികള്‍ക്ക് പരോള്‍ ലഭിച്ചിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ അനൂപ്, കൊടി സുനി, ടി.കെ രജീഷ്‌ എന്നിവര്‍ ഉള്‍പ്പെടെ 19 പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്. കണ്ണൂരിലെ സി.പി.എം. കൊലയാളി സംഘങ്ങള്‍ നടത്തിവരുന്ന കൊലപാതകങ്ങളുടെ സ്വഭാവമായിരുന്നു ഷുഹൈബിന്റെ കൊലയ്ക്കും. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ഈ കൊലയ്ക്കും സാമ്യമുണ്ട്. കാലിനു താഴെ മാത്രം മുപ്പതിലധികം വെട്ടുകള്‍ ഉണ്ടായിരുന്നു.

സിപിഎം നേതൃത്വത്തെ ചോദ്യം ചെയ്താല്‍ പ്രതികളുടെ വിവരം ലഭിക്കുമെന്നും ചെന്നിത്തല പറയുന്നു. കേസില്‍ ഡമ്മി പ്രതികളെ ലഭിക്കാത്തതാണ് കേസ് അന്വേഷണം നീണ്ടു പോകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് ഷുഹൈബിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ആക്രമണം നടന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് വാഹന പരിശോധനയ്ക്കു പോലും തയ്യാറായത് എന്നും ചെന്നിത്തല പറയുന്നു. അതുപോലെ മുഖ്യമന്ത്രിയുടെ വീടിന് പത്ത് കിലോമീറ്റര്‍ മാറിയാണ് ഷുഹൈബിന്റെ വീട്. എന്നാല്‍, മുഖ്യമന്ത്രി അവിടെ പോവുകയോ അനുശോചനം രേഖപ്പെടുത്തുകയോ പോലും ചെയ്തിട്ടില്ല എന്നും ചെന്നിത്തല ആരോപിക്കുന്നു.