കെ.എസ്.യു – ഡി.വൈ.എഫ്.ഐ സംഘര്‍ഷം ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍

നഗരത്തില്‍ കെ.എസ്.യു – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‍ ആലപ്പുഴയില്‍ നാളെ ഉച്ചവരെ ഹര്‍ത്താല്‍. അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. . കെ.എസ്.യുവിന്റെ സംസ്ഥാന സംഗമത്തിന്റെ ഭാഗമായ പ്രകടനത്തിനിടെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന്‍ ഉണ്ടായ കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ വാഹനം അക്രമികള്‍ അടിച്ചു തകര്‍ത്തു. കെ.എസ്.യു പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലും തകര്‍ക്കപ്പെട്ടു. കെ.എസ്.യുവിന്റെ കൊടിതോരണങ്ങള്‍ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ പരസ്പരം നേരിട്ടതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കെ.എസ്.യുവിന്റെ സമ്മേളന വേദിക്ക് പുറത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. കെ.എസ്.യുവിന്റെ പരിപാടി നടന്ന വെള്ളക്കിണറിന് സമീപത്തുനിന്ന് തുടങ്ങിയ സംഘര്‍ഷമാണ് നഗരത്തിലേക്ക് വ്യാപിച്ചത്.