നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒരു വയസു തികഞ്ഞു ; ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കി

കേരള മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം അരങ്ങേറിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ചാനലായ ചാനലുകള്‍ എല്ലാം ബ്രേക്കിംഗ് ആയി വിട്ട സംഭവമായിരുന്നു മലയാളത്തിലെ പ്രമുഖയായ ഒരു നടിയെ ഓടുന്ന കാറില്‍ വെച്ച് പീഡിപ്പിച്ചു എന്നത്. തട്ടിക്കൊണ്ടു പോകല്‍ എന്ന നിലയില്‍ ആദ്യം പുറത്തു വന്ന വാര്‍ത്തകളില്‍ നടിയെ പറ്റി വ്യക്തമായി പറഞ്ഞു എങ്കിലും പീഡനവിവരം വന്നയുടന്‍ പേരെടുത്ത് പറയുന്നത് നിര്‍ത്തുകയായിരുന്നു. 2017 ഫെബ്രുവരി 17 ന് വൈകീട്ടാണ് നടിയെ തട്ടിക്കൊണ്ടുപോയി അതി ക്രൂരമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവം അരങ്ങേറുന്നത്. ബ്ലാക്ക് മെയില്‍ തട്ടിപ്പ് കേസ് എന്ന രീതിയില്‍ അവസാനിക്കാമായിരുന്ന ഒരു സംഭവം മലയാള സിനിമയേയും മലയാളി പൊതുബോധത്തേയും രണ്ട് ചേരികളിലാക്കുകയും ചെയ്തു. ആദ്യം മുതല്‍ക്ക് ഇതിനു പിന്നില്‍ മലയാളത്തിലെ പ്രമുഖ താരം ദിലീപ് ആകാം എന്ന കിംവദന്തി പടര്‍ന്നിരുന്നു. തുടര്‍ന്ന് അതൊക്കെ ശരി വയ്ക്കുന്ന തരത്തില്‍ ദിലീപ് പോലീസ് പിടിയില്‍ ആവുകയും ചെയ്തിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ച് കുറച്ചു ദിവസത്തിനുള്ളില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തു. പീഡന ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം എന്നായിരുന്നു ആദ്യത്തെ പോലീസ് ഭാഷ്യം. സംഭവത്തില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി കൂടി പ്രതികരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് നയിച്ചു.
കേസില്‍ 90 ദിവസം പൂര്‍ത്തിയാകും മുമ്പ് തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനി ആണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന രീതിയില്‍ ആയിരുന്നു കുറ്റപത്രം. ദിലീപിന്റെ പങ്കിനെ കുറിച്ച് ഒരു പരാമര്‍ശം പോലും അതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കേസില്‍ തുടരന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട് എന്ന് നടി മഞ്ജു വാര്യര്‍ ആരോപിച്ചു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ മഞ്ജു ഇക്കാര്യം പറയുകയും ചെയ്തു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. സംശയങ്ങള്‍ ദിലീപിന് നേര്‍ക്ക് ഉയരുകയും ചെയ്തു. ദിലീപിനെതിരെ ആരോപണങ്ങള്‍ പലതും ഉണ്ടായിരുന്നു. ദിലീപിനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം കേരളത്തെ ആകെ ഞെട്ടിപ്പിച്ചുകൊണ്ട് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദിലീപ് ആണ് ഗൂഢാലോചനക്ക് പിന്നില്‍ എന്നായിരുന്നു പോലീസിന്റെ വാദം.

എന്നാല്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രിമിനല്‍ ഗൂഢാലോചനയാണ്. എന്നാല്‍ തെളിയിക്കപ്പെടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും ഈ കുറ്റം തന്നെയാണ്. പോലീസിന്റെ കൈയ്യില്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ വിചാരണ വേളയില്‍ നാണംകെടും എന്ന അവസ്ഥയിലാണ് പോലീസ് ഇപ്പോള്‍. അതുമല്ല നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ആണ് കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവ്. എന്നാല്‍ ഈ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ ഒറിജിനല്‍ ദൃശ്യങ്ങളും പോലീസിന്റെ കൈവശം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന് മേല്‍ നോട്ടം നല്‍കിയിരുന്ന എഡിജിപി ബി സന്ധ്യയെ ഇപ്പോള്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയതിന് ശേഷം ആയിരുന്നു സര്‍ക്കാരിന്റെ നടപടി. എങ്കിലും ദിലീപ് ഏറ്റവും അധികം ആരോപണം ഉന്നയിച്ച വ്യക്തികളില്‍ ഒരാള്‍ ആയിരുന്നു ബി സന്ധ്യ.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ദീര്‍ഘനാളായി ബന്ധമുണ്ട് എന്നാണ് പോലീസിന്റെ വാദം. എന്നാല്‍ സുനിയെ അറിയുകയേ ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ് ഇപ്പോഴും. തെളിവുകള്‍ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ദിലീപ് ഇത്തരം ഒരു നിലപാടില്‍ കടിച്ച് തൂങ്ങുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നാദിര്‍ഷയ്ക്കും തന്റെ മാനേജര്‍ അപ്പുണ്ണിക്കും പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകള്‍ വന്നപ്പോള്‍ തന്നെ ഡിജിപിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട് എന്നാണ് ദിലീപ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ആ പരാതിയില്‍ അന്വേഷണം ഒന്നും നടന്നില്ലെന്ന ആരോപണവും ദിലീപ് ഉന്നയിക്കുന്നുണ്ട്. ഇതും വിചാരണ വേളയില്‍ ഒരുപക്ഷേ ദിലീപിന് അനുകൂലമായി വരാന്‍ സാധ്യതയുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എന്ന പേരില്‍ എഴുതിയ കത്തിന്റെ സാധുതതയും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. മറ്റൊരാളെക്കൊണ്ടാണ് ആ കത്ത് എഴുതിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. ദിലീപുമായി നേരിട്ട് ബന്ധമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് സുനി മറ്റൊരാളെക്കൊണ്ട് ഇങ്ങനെ ഒരു കത്തെഴുതിച്ചത് എന്നും ചോദ്യം ഉയരും.

ഇപ്പോഴും ഉത്തരങ്ങള്‍ കിട്ടാത്ത ധാരാളം ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുകയാണ് ഈ സംഭവത്തില്‍. ഏറെ നാളത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങി സിനിമകളില്‍ സജീവമാണ് ദിലീപ് ഇപ്പോള്‍. ദിലീപ് ആണ് പ്രതി അല്ല ദിലീപ് നിരപരാധിയാണ് എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്.