ഫ്ളോറിഡ വെടിവയ്പ്പ്: അക്രമയില്‍ നിന്നും കുട്ടികളെ രക്ഷിച്ചത് ഇന്ത്യന്‍ വംശജയായ അധ്യാപിക

ന്യൂയോര്‍ക്ക്: 17 പേരുടെ മരണത്തിനിടയാക്കിയ ഫ്ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിന്റെ ആഘാതത്തില്‍ നിന്ന് കുട്ടികളും അധ്യാപകരും ഇനിയും മോചിതരായിട്ടില്ല. എങ്കിലും അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിനിടയിലും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്നിച്ച ഇന്ത്യന്‍ വംശജയായ അധ്യാപികൈയുടെ സമയോചിത ഇടപെടലിനെക്കുറിച്ചാണ് രക്ഷപെട്ട കുട്ടികളും അവരുടെ ബന്ധുക്കളും പറയുന്നത്.

ആക്രമണമുണ്ടായ ബുധനാഴ്ച ദിവസം ഉച്ചയോടെ രണ്ടാം തവണയും അപായ സൈറന്‍ മുഴങ്ങിയതിനെ തുടര്‍ന്നാണ് ഗണിത അധ്യാപികയായ ശാന്തി വിശ്വനാഥന് അപകടം മണത്തത്. തുടര്‍ന്ന് തന്റെ ക്ലാസ് റൂമിന്റെ വാതിലുകളും ജനാലകളും അടയ്ക്കുകയും കുട്ടികളെ ആക്രമി കാണാത്തവിധം മറയ്ക്കുകയുമായിരുന്നു എന്ന് ഒരു വിദ്യാര്‍ഥിയുടെ അമ്മ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.

വെടിവയ്പ്പ് അവസാനിച്ച ശേഷം അമേരിക്കന്‍ പോലീസ് സേനാ വിഭാഗമായ സ്പെഷന്‍ വെപ്പണ്‍സ് ആന്‍ഡ് ടാറ്റിക്സ് ഉദ്യോഗസ്ഥരെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് ആക്രമിയുടെ തന്ത്രമാണെന്ന് കരുതി വാതില്‍ തുറക്കാന്‍ ഇവര്‍ വിസമ്മതിച്ചു.താന്‍ വാതില്‍ തുറക്കില്ലെന്നും വേണെങ്കില്‍ താക്കോല്‍ ഉപയോഗിച്ച് തുറക്കാനാണ് ശാന്തി പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ജനല്‍ തുറന്ന് കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു.

ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡ് സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് പൂര്‍വ്വ വിദ്യാര്‍ഥിയായ നിക്കോളാസ് ക്രൂസ് കഴിഞ്ഞ ബുധനാഴ്ച വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ 15 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു.