നിര്‍ണായമായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയം ; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തില്‍ നടന്ന നിര്‍ണായമായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസറ്റേഴ്‌സ് ജയിച്ചത്. ഇതോടെ ഐഎസ്എല്‍ നാലാം സീസണില്‍ അവസാന നാലിലെത്താനുള്ള സാധ്യതയും ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തി. ഗോളുകള്‍ക്കായി തുടക്കംമുതല്‍ ഇരുടീമിനും നിരവധി അവസരങ്ങളാണ് ലഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ പോസ്റ്റിന് തൊട്ടുവെളിയില്‍ സി.കെ വിനീതിന് ലഭിച്ച സുവര്‍ണാവസരം ചെറിയ വ്യത്യാസത്തിലാണ് നഷ്ടമായത്.
നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റത്തിന്റെ മുനയൊടിച്ച് ഗോള്‍ വല കാത്ത ഗോളി പോള്‍ റെച്ചൂബ്ക്കയുടെ പ്രകടനവും ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായി. ബ്ലാസ്‌റ്റേഴ്‌സിനായി വിജയഗോള്‍ കുറിച്ച വെസ് ബ്രൗണാണ് കളിയിലെ താരം. വിജയത്തോടെ 16 മത്സരങ്ങളില്‍ നിന്ന് 24 പോയന്റോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് തുടരും. മത്സരത്തിന്റെ 28-ാം മിനിറ്റില്‍ വെസ് ബ്രൗണാണ് സന്ദര്‍ശകരുടെ വിജയ ഗോള്‍ വലയിലാക്കിയത്. ഇനി അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും മികച്ച മാര്‍ജിനില്‍ വിജയിക്കുകയും ഒപ്പം മറ്റു ടീമുകളുടെ മത്സരഫലവും ആശ്രയിച്ചിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രവേശനം.