ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ജീവന് നിലനിര്‍ത്താം; തോറ്റാല്‍ സെമി സ്വപ്നമവസാനിപ്പിക്കാം
ഇതുവരെ പറഞ്ഞതുപോലെയല്ല ഇന്ന് ജയിച്ചേ തീരു ബ്ലാസ്റ്റേഴ്സിന്. ഇന്ന് ജയിച്ചാലേ ഇനിയുള്ള മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ജയിക്കണെ എന്ന് പ്രാര്‍ത്ഥിക്കാന്‍ പറ്റുകയുള്ളു. ഐ.എസ്.എല്ലില്‍
ഇന്നിറങ്ങുമ്പോള്‍ ജയത്തില്‍ക്കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും തൃപ്തിപ്പെടുത്തില്ല. ലീഗില്‍ അവസാന സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്വന്തം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.
പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ച നോര്‍ത്ത് ഈസ്റ്റിനു മത്സരം നിര്‍ണായകമല്ലെങ്കിലും പ്ലേ ഓഫ് പ്രതീക്ഷ നില നിര്‍ത്താന്‍ കേരളത്തിന് വിജയം കൂടിയേ തീരു. കേരള ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ള മത്സരങ്ങളില്‍ ഏറ്റവും എളുപ്പമേറിയ മത്സരവും ഇതാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മത്സരത്തിന് ശേഷം കൊച്ചിയില്‍ ചെന്നൈയിനുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഐ.എസ്.എല്ലിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം ബെംഗളൂരു എഫ്.സിയുമായിട്ടാണ്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍വിയറിയാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. എഫ്.സി ഗോവയെയും പൂനെ സിറ്റിയെയും തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയില്‍ എ.ടി.കെയുമായി സമനില വഴങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ സസ്പെന്ഷന് മൂലം ടീമില്‍ ഇടം നേടാതിരുന്ന ക്യാപ്റ്റന്‍ ജിങ്കന് ഇന്ന് ഇറങ്ങും.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആവട്ടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒന്ന് പോലും ജയിക്കാതെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാനിറങ്ങുന്നത്. നേരത്തെ കൊച്ചിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ആദ്യ പകുതിയില്‍ സി.കെ വിനീത് നേടിയ ഗോളിലാണ് അന്ന് കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെ മറികടന്നത്.