കൊല്ലപ്പെട്ട ഷുഹൈബ് പൊതുജനസമാധാനത്തിന് തടസമായ കൊടും കുറ്റവാളി എന്ന് പി. ജയരാജന്‍

കണ്ണൂര്‍ : കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെതിരെ കടുത്ത ആരോപണങ്ങളുമായി സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. പൊതുജനസമാധാനത്തിന് തടസമായ ഒരു കുറ്റവാളിയായിരുന്നു ഷുഹൈബ് എന്നാണു ജയരാജന്‍ ആരോപിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ് എന്നും ജയരാജന്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്കുനേര്‍ എന്ന പരിപാടിയിലാണ് ജയരാജന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. അതേസമയം ശുഹൈബിനെ കൊലപ്പെടുത്തിയതിന് മുമ്പ് സിപിഎം നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ ഇ പി ജയരാജന്റെ മുന്‍ പി എയെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

അതേസമയം  ഷുഹൈബ് കൊല്ലപ്പെട്ടക്കേസില്‍ ആറ് പേര്‍ കസ്റ്റഡിയില്‍. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ ചോദ്യം ചെയ്യുന്നു. നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് പൊലീസ് വെളിപ്പെടുത്തി. കണ്ണൂരിലെ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.