വയനാട്ടില്‍ രണ്ടു ദിവസത്തിനുള്ളില്‍ മൂന്നിടത്ത് ബൈക്ക് അപകടം; നാലു യുവാക്കള്‍ക്കു ദാരുണാന്ത്യം
കല്പറ്റ: വയനാട്ടില്‍ വിവിധ ഇടങ്ങളിലുണ്ടായ ബൈക്ക് അപകടങ്ങളില്‍ നാലു മരണം. ലക്കിടിയില്‍ കഴിഞ്ഞ ദിവസം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ രണ്ടാമത്തെ വിദ്യാര്‍ഥി ഇന്നു മരിച്ചതോടെയാണു മരണസംഖ്യ നാലിലേക്ക് ഉയര്‍ന്നത്.
പരുക്കേറ്റു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന മലപ്പുറം ചേലൂര്‍ സ്വദേശി അബുവിന്റെ മകന് നൂറുദീന്‍ (21) ആണു മരിച്ചത്. സഹപാഠി കാഞ്ഞങ്ങാട് സ്വദേശി സഫ്വാന് കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇരുവരും ലക്കിടി ഓറിയന്റല്‍ കോളേജ് വിദ്യാര്‍ഥികളാണ്.
ഇന്ന് പുലര്‍ച്ചെ ബൈക്ക് പോസ്റ്റിലിടിച്ച് ഒരു യുവാവ് മരിച്ചു. ചുള്ളിയോട് കഴമ്പുകര കോളനിയിലെ വിഘ്നേഷ് (20) ആണു മരിച്ചത്. സഹയാത്രികനായ യദുകൃഷ്ണനെ പരുക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമാട് തിരുവമ്പാടി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.
ഇന്നു രാവിലെയുണ്ടായ മറ്റൊരു അപകടത്തില്‍ വരദൂര്‍ സ്വദേശി വാളങ്കല് എബ്രഹാമിന്റെ മകന് സജി എബ്രഹാം (45) മരിച്ചു. പരുക്കേറ്റ സജിയെ ആദ്യം കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.