ഡിപ്ലോമ നേഴ്സുമാര്‍ക്ക് ഓസ്ട്രിയയില്‍ ഓണ്‍ലൈന്‍ ബി.എസ്.സി ഡിഗ്രി പ്രോഗ്രാം
വിയന്ന: 2016ല്‍ നിയമമായ ഓസ്ട്രിയയിലെ ആരോഗ്യ-നഴ്സിംഗ് വിദ്യാഭ്യാസത്തിലെ മാറ്റങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. പുതിയ നിയമനുസരിച്ച് 2023ന് ശേഷം ഓസ്ട്രിയയില്‍ നഴ്സിംഗ് ഡിപ്ലോമ പഠനം സാധ്യമല്ല. 2024 തുടങ്ങി രാജ്യത്ത് നഴ്സായി ജോലിചെയ്യണമെങ്കില്‍ ബി.എസ്.സി നഴ്സിംഗ് ഡിഗ്രി ഉണ്ടായിരിക്കണം.
അതേസമയം ബാച്ചിലര്‍ ഡിഗ്രി ആയി മാറ്റിയ നഴ്സിംഗ് പഠനം നഴ്സിംഗ്സ്കൂളുകളില് നിന്നും അപ്ലൈഡ് യൂണിവേഴ്സിറ്റിയിലേക്ക് മാറ്റുകയും ചെയ്തു. പുതിയ രീതി അനുസരിച്ച് നഴ്സിംഗ്സ്കൂളുകളില് ഫ്ലെഗേഅസിസ്റ്റന്സ് (കെയര്‍ അസിസ്റ്റന്റ്: ഒരു വര്‍ഷം), ഫ്ലെഗേഫാഗ് അസിസ്റ്റന്‍സ് (നഴ്സിംഗ് അസിറ്റന്റ്: ഒരു വര്‍ഷം) എന്നീ കോഴ്സുകള്‍ മാത്രമേ പഠിക്കാന്‍ സാധിക്കു. എന്നാല്‍ നിലവില്‍ ഡിപ്ലോമ നഴ്സിംഗ് പഠിക്കുന്നവര്‍ക്കും, ഡിപ്ലോമ നേഴ്സ് ആയി ജോലിചെയ്യുന്നവര്‍ക്കും പഴയ നിയമത്തില്‍ തുടരാം. താല്പര്യം ഉണ്ടെങ്കില്‍ മാത്രം ബി. എസ്. സിയിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യാം.
നഴ്സിങ് തൊഴിലിനോടുള്ള സമീപനം, രോഗി സംരക്ഷണം, പരിശീലനരീതി എന്നീ മേഖലകളില്‍ യൂറോപ്പില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണക്കിലെടുത്താണ് ഓസ്ട്രിയയിലെ ചുവടുമാറ്റത്തിന്റെ നയവും. അതേസമയം നിയമങ്ങള്‍ ഇങ്ങനെയായിരിക്കെ ഡിപ്ലോമ മാത്രമുള്ള നഴ്സുമാര്‍ക്ക് (DGKP) അവരുടെ യോഗ്യത ബാച്ചിലര്‍ ഓഫ് നഴ്സിംഗ് സയന്‍സിലേയ്ക്ക് (ബി.എസ്.സി.എന്‍) ഉയര്‍ത്താനുള്ള അവസരവും ചില യൂണിവേഴ്സിറ്റികള്‍ നല്‍കുന്നുണ്ട്.
ഏകദേശം ഒരു വര്‍ഷത്തിനകം ജര്‍മന്‍ ഭാഷ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന DGKP നഴ്സുമാര്‍ക്ക് യൂറോപ്പ് മുഴുവന്‍ അംഗീകൃതമായ ബി.എസ്.സി നഴ്സിംഗ് ബിരുദം സ്വന്തമാക്കാം. ജോലിയില്‍ തുടര്‍ന്നുകൊണ്ട് തന്നെ ഓണ്‍ലൈനായി പഠനം പൂര്‍ത്തിയാക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ഇംഗ്ലീഷിലോ, ജര്‍മന്‍ ഭാഷയിലോ ലോകത്ത് എവിടെ നിന്നും ഡിഗ്രി ഇല്ലാത്ത നഴ്സുമാര്‍ക്ക് ബി.എസ്.സി ടോപ് അപ്പ് പഠനം നടത്താവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: info@jrbcg.at