കമലും രജനിയും വ്യത്യസ്തമായ വഴികളില്‍ ; പക്ഷേ ലക്ഷ്യം ഒന്ന് രജനി

സിനിമയിലെ പോലെ രാഷ്ട്രീയത്തിലും രണ്ടു വഴിക്കാണ് തമിഴിലെ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെ യാത്ര. ഏറെക്കാലമായി തമിഴ് സിനിമയിലെ മുന്‍നിരയിലെ സുവര്‍ണ്ണ താരങ്ങളായ ഇരുവരും രാഷ്ട്രീയ പ്രവേശന വിളബരം നടത്തിയതും ഒരേ സമയത്ത് തന്നെയായിരുന്നു. അപ്പോള്‍ മുതല്‍ ഉയര്‍ന്ന ചോദ്യമായിരുന്നു ഇരുവരും രാഷ്ട്രീയത്തില്‍ ഒരുമിക്കുമോ എന്നുള്ളത്. എന്നാല്‍ താനും കമലും സിനിമയില്‍ രണ്ടു വഴികലൂടെയാണ് നടന്നതെന്നും അത് തന്നെ രാഷ്ട്രീയത്തിലും ആവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് രജനികാന്ത്. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ വെച്ച് കമലഹാസനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് താരം നിലപാട് വ്യക്തമാക്കിയത്. ഇന്ന് പോയസ് ഗാര്‍ഡിനിലെ രജനിയുടെ വീട്ടില്‍ കമലഹാസന്‍ സന്ദര്‍ശിച്ചിരുന്നു. കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് തന്നെ ക്ഷണിക്കാനെത്തിയതാണ് കമലഹാസന്‍ എന്നായിരുന്നു രജനി സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കിയത്.

ഈ മാസം 21 നാണ് കമലഹാസന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നത്. അതേസമയം സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് വിശദീകരിക്കവേ തങ്ങളുടെ രണ്ട് പേരുടേയും വഴി രണ്ടാണെന്ന് രജനീകാന്ത് വ്യക്തമാക്കി. അതേസമയം രണ്ടുപേരുടേയും ലക്ഷ്യം ഒന്നാണ് . അത് പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണെന്നും രജനി പറഞ്ഞു. നേരത്തേ അമേരിക്കയിലെ ഹാര്‍വേഡ് സര്‍വ്വകലാശാലയില്‍ വെച്ച് തന്റെ രാഷ്ട്രീയ നിറം എന്താകുമെന്ന് കമലഹാസന്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ രണ്ട് പേരും സുഹൃത്തുക്കളാണ്. പക്ഷേ സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും കമല്‍ പറഞ്ഞിരുന്നു. . രജീകാന്തിന്റെ രാഷ്ട്രീയ നിറവും കാവിയാകരുത്. ഇനി അഥവാ കാവിയാണെങ്കില്‍ ഇരുവരും ചേര്‍ന്ന് ഒരു സഖ്യം ഒരിക്കലും സാധ്യമാകില്ലെന്നുമായിരുന്നു കമലഹാസന്‍ വ്യക്തമാക്കിയിരുന്നത്.

രാഷ്ട്രീയത്തിലെ കറുപ്പ് ദ്രാവിഡ സംസ്‌കാരത്തേയും കറുത്തവരേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും അതിനാല്‍ തന്റെ രാഷ്ട്രീയ നിറം കറുപ്പാണെന്നുമാണ് കമലഹാസന്‍ പറഞ്ഞത്.. കാവി നിറം വ്യാപിക്കുന്നതില്‍ തനിക്ക് അത്യധികം ആശങ്കയുണ്ട്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിന് ഭീഷണിയാണെന്നുള്ള അഭിപ്രായമാണ് കമലിന് ഉള്ളത്. എന്നാല്‍ ബിജെപിയുമായി അടുപ്പം കാണിക്കുന്ന തരത്തിലാണ് രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ എല്ലാം.