ഇറാനിലെയ്ക്ക് പോയ യാത്രാ വിമാനം തകര്‍ന്നു വീണു
ഇറാന്‍ : ഇറാനില്‍ ഉണ്ടായ വിമാനാപകടത്തില്‍ അറുപത്തിയാറ് പേരെ കാണാതായി. ടെഹ്‌റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എറ്റിആര്‍72 വിമാനമാണ് തകര്‍ന്ന് വീണത്. 60 യാത്രക്കാരും ആറുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മെഹ്‌റാബാദില്‍ നിന്ന് പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളിലാണ് അപകടം. മലയോര മേഖലയിലാണ് അസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. എന്നാല്‍, അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇതുവരെ പറയാറായിട്ടില്ല. രാവിലെ അഞ്ചിനാണ് ടെഹ്റാനില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. 50 മിനുട്ടുകള്‍ക്ക് ശേഷം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
അതേസമയം, പുല്‍മൈതിനിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. മോശം കാലാവസ്ഥയാണ് വിമാനം തകരാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. അതേസമയം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് ഇറാന്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് മേധാവി പീര്‍ ഹുസൈന്‍ കൗലിവാന്ത് പറഞ്ഞു. ഇറാനില്‍ വിമാന അപകടങ്ങള്‍ പതിവാണ്. രാജ്യത്തെ കമ്പനികള്‍ ഉപയോഗിക്കുന്ന മിക്ക വിമാനങ്ങളും ഏറെ പഴക്കമുള്ളതാണ്. അമേരിക്കന്‍ ഉപരോധം നിലനിന്നിരുന്നതിനാല്‍ പല വിദേശരാജ്യങ്ങളും ഇറാന് പുതിയ വിമാനങ്ങള്‍ കൈമാറിയിരുന്നില്ല.