ഷുഹൈബ് വധം കീഴടങ്ങിയ പ്രതികള്‍ സജീവ സിപിഎം പ്രവര്‍ത്തകര്‍ ; തെളിവുകള്‍ പുറത്ത്

യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ല എന്ന് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിച്ച് പ്രസ്താവനകള്‍ ഇറക്കുന്നുണ്ട് എങ്കിലും ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട്. ഇന്ന് രാവിലെ കീഴടങ്ങിയത് സജീവ സിപിഎം പ്രവര്‍ത്തകര്‍ ആണെന്നുള്ള തെളിവുകള്‍ പുറത്ത്. ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് രാവിലെ മാലൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതികള്‍ക്ക് നേരിട്ട് പങ്കില്ലാത്തവരാണ് കീഴടങ്ങിയതെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ക്ക് പാര്‍ട്ടി അംഗത്വം ഇല്ല എന്നാണ് നേത്രുത്വം ഇപ്പോള്‍ പറയുന്നത് എന്നാല്‍ ഇരുവരും സിപിഎം ഉന്നത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരടക്കമുള്ളവരോടൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പ്രതികള്‍ സിപിഎമ്മുകാരല്ലെന്നുമുള്ള വാദങ്ങളുടെ മുനയൊടിക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങള്‍. കീഴടങ്ങിയ ആകാശിന്റെ മാതാപിതാക്കള്‍ സിപിഎം പ്രാദേശിക നേതാക്കളാണ്. തിരുവനന്തപുരത്തെ സിപിഎം ആസ്ഥാനം കേന്ദ്രീകരിച്ചാണ് ആകാശ് പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയതിന് ശേഷം ആകാശിനും റിജിന്‍ രാജിനും ഒളിവില്‍ കഴിയാന്‍ സിപിഎം സഹായം ചെയ്തുനല്‍കിയിരുന്നു. കഴിഞ്ഞദിവസം പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ആകാശ് ഞായറാഴ്ച രാവിലെ നേതാക്കള്‍ക്കൊപ്പമെത്തി കീഴടങ്ങുകയായിരുന്നു.

ബാക്കി പ്രതികളെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി. അതേസമയം പ്രതികള്‍ ഡമ്മികളാണെന്നും സിപിഎമ്മിന് ബന്ധമില്ലെന്ന് പറഞ്ഞ പി ജയരാജന്‍ മറുപടി പറയണമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. ഇത് സര്‍ക്കാരിന് ദോഷം ചെയ്യും എന്ന് മനസിലാക്കിയ നേത്രുത്വം കീഴടങ്ങല്‍ നാടകം നടത്തുകയായിരുന്നു എന്ന് വേണം കരുതാന്‍.