തടാകത്തില്‍ നിന്ന് ഒരേസമയം പൊങ്ങിവന്നത് ആറ് മൃതദേഹങ്ങള്‍; അമ്പരന്ന് പൊലീസ്
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ഒരു തടാകത്തില്‍ നിന്ന് ആറ് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. ഒന്‍ടിമിട്ട എന്ന പ്രദേശത്തുള്ള തടാകത്തിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ട് ദിവസം വരെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
30നും 40നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജീര്‍ണ്ണിച്ച് അഴുകിയ നിലയിലാണ് ഇവയെല്ലാം.അതേസമയം പരിക്കുകള്‍ ഇല്ലാത്തതും ഓരോ മൃതദേഹങ്ങളും കണ്ടെത്തിയ സ്ഥലങ്ങള്‍ തമ്മില്‍ ഏറെ അകലമുള്ളതും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് രക്തചന്ദനം മുറിച്ചു കടത്തുന്നവര്‍ക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്പെഷല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ അഞ്ച് തമിഴ്നാട് സ്വദേശികളെ പിടികൂടുകയും ചെയ്തു. പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചിതറിയോടി. ഇവരില്‍ ഉള്‍പ്പെട്ടവര്‍ തടാകത്തില്‍ വീണ് മുംങ്ങിമരിച്ചതാണോ എന്ന സംശയമുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും ഇത്തരം ഓപ്പറേഷനുകള്‍ നടത്തിയിട്ടില്ലെന്ന സ്പെഷല്‍ ടാസ്ക് ഫോഴ്സ് വിശദീകരണം സംഭവത്തില്‍ കൂടുതല്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നാണ് ഉദ്ദ്യോഗസ്ഥരുടെ വിശദീകരണം.